പ്രമാടം : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കിഴക്കൻ മലയോര മേഖലയിലെ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി നിരീക്ഷണം ശക്തമാക്കും. കോന്നി താലൂക്കിലെ ഇരുപത് പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാദ്ധ്യതയുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ
കണ്ടെത്തൽ. ഇതുസംബന്ധിച്ച റിപ്പോർട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് അച്ചൻകോവിൽ, കല്ലാർ നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ രാത്രിയിലും പകലും വിദഗ്ദ്ധ സംഘങ്ങൾ അപകടസാദ്ധ്യതയുള്ള പ്രദേശങ്ങളിൽ പട്രോളിംഗ് നടത്തും. അച്ചൻകോവിൽ, കോന്നി മേഖലകളിലെ ഉൾവനങ്ങളിൽ മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയിരുന്നു. കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ സേന, അഗ്‌നിശമന സേന, പൊലീസ്, റവന്യൂ അധികൃതർ എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന തോരാമഴയാണ് ഉരുൾപൊട്ടലിനുള്ള സാദ്ധ്യതയായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. കോന്നി, സീതത്തോട് പഞ്ചായത്തുകളിലെ പല സ്ഥലങ്ങളിലും മുൻവർഷങ്ങളിൽ ഉരുൾപൊട്ടി നാശനഷ്ടം ഉണ്ടായിരുന്നു. നദീ തീരങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകുന്നുണ്ട്. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും.
ജില്ലയിൽ 20 ഹോട്ട്സ്പോട്ടുകൾ,
കൺട്രോൾ റൂമുകൾ പ്രവർത്തിക്കും,
ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും
അതീവ ജാഗ്രത ഇവിടെ
1. കോന്നി വില്ലേജിലെ പൊന്തനാംകുഴി ഹരിജൻ കോളനി
2. സീതത്തോട് വില്ലേജിലെ ഗുരുനാഥൻമണ്ണ്, മുണ്ടൻപാറ
3. ചിറ്റാർ വില്ലേജിലെ മണക്കയം
ഉരുൾപൊട്ടൽ സാദ്ധ്യതാ പ്രദേശങ്ങൾ
സീതത്തോട് വില്ലേജിലെ സീതക്കുഴി, തേക്കുംമൂട്, മൂന്നുകല്ല്, ചിറ്റാർ വില്ലേജിലെ മീൻകുഴി, വയ്യാറ്റുപുഴ, അരുവാപ്പുലം വില്ലേജിലെ മറ്റാക്കുഴി, മുതുപേഴുങ്കൽ, അയന്തിമുരുപ്പ്, മ്‌ളാന്തടം, ക്വാറിമുരുപ്പ്, കൊല്ലൻപടി, പനനിൽക്കുംമുകളിൽ, കരിങ്കുടുക്ക, കല്ലേലി വെള്ളികെട്ടി, ഊട്ടുപാറ മിച്ചഭൂമി.
യാത്രാ നിയന്ത്രണം
പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ കിഴക്കൻ മലയോര മേഖലയിൽ രാത്രികാല യാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തി. ടൂറിസം മേഖലകളിലേക്കും നിയന്ത്രണമുണ്ട്.