ചെങ്ങന്നൂർ: കഴിഞ്ഞ മൂന്ന് വർഷമായി മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പംനിന്ന ഇടതുപക്ഷവും, ബി.ജെ.പിയും സമരവുമായി ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത് അപഹാസ്യമാണെന്ന് നഗരസഭ ചെയർപേഴ്സൺ ശോഭാ വർഗീസ് പത്രസമ്മേളനത്തിൽ പറഞ്ഞു. മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട ഇടതു ബിജെപി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ കൗൺസിലർമാരെ രാജിവയ്പ്പിക്കാൻ നേതൃത്വം തയാറാകണം. മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നപ്പോൾ മാത്രമാണ് സ്വന്തം മണ്ഡലത്തിലെ നഗരസഭയിൽ സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയെ കുറിച്ച് മന്ത്രി പോലും അറിയുന്നത്. രണ്ട് വർഷങ്ങൾക്കുശേഷമാണ് ഗവർണർ ഒപ്പിട്ട് ഗസറ്റ് നോട്ടിഫിക്കേഷൻ നടത്തിയ മാസ്റ്റർപ്ലാൻ പിൻവലിക്കണം എന്ന് ആവശ്യപ്പെടുന്നത് ശുദ്ധ വിവരക്കേടാണ്. കേന്ദ്രസർക്കാർ തന്ന മാസ്റ്റർ പ്ലാൻ നടപ്പിലാക്കാത്തവർക്ക് കേന്ദ്ര സഹായം നൽകാൻ കഴിയില്ലെന്നു പറയുമ്പോൾ മാസ്റ്റർ പ്ലാൻ ഉപേക്ഷിക്കണമെന്ന് വാദവുമായി ബി.ജെ.പി സമര രംഗത്ത് വരുന്നതിന്റെ പിന്നിലുള്ള ലക്ഷ്യം നേതാക്കൾ വ്യക്തമാക്കണം. ഗവർണർ ഒപ്പിട്ട് പ്രസിദ്ധീകരിച്ച മാസ്റ്റർ പ്ലാൻ എങ്ങനെ പിൻവലിക്കും എന്ന് ബി.ജെ.പി നേതാക്കൾ ഗവർണർറോട് ചോദിച്ച് മനസിലാക്കണം. പോരായ്മകളും പരാതികളും പരിഹരിച്ച് മാസ്റ്റർ പ്ലാൻ പുനപ്രസിദ്ധീകരണം നടത്തുമെന്നും ചെയർപേഴ്സൺ ശോഭാ വർഗീസ് പറഞ്ഞു.