പത്തനംതിട്ട : നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു. ജില്ലാ സ്റ്റേഡിയം, സ്വകാര്യ ബസ് സ്റ്റാൻഡ് ഉൾപ്പടെ പൊതുമേഖലയിലും സ്വകാര്യ മേഖലയിലും നിർമ്മാണ പ്രവർത്തനങ്ങൾക്കായി നിലവും താഴ്ന്ന പ്രദേശങ്ങളും നികത്തിയിട്ടുണ്ട്. അച്ചൻകോവിലാർ നികന്നതും പ്രളയ സാദ്ധ്യത വർദ്ധിപ്പിക്കും. നഗരത്തിൽ കൂടി ഒഴുകുന്ന ഓടകളും തോടുകളും മാലിന്യങ്ങളും മണ്ണും നിറഞ്ഞ് വെള്ളമൊഴുകുന്നതിന് തടസമാണ്. പ്രളയം മൂലം അച്ചൻകോവിലാറിൽ ജലനിരപ്പുയർന്നാൽ മാർക്കറ്റ്, അഴൂർ, സ്റ്റേഡിയം ജംഗ്ഷൻ, കുമ്പഴ റോഡ്, സ്വകാര്യ ബസ് സ്റ്റാൻഡ് എന്നീ പ്രദേശങ്ങൾ മുങ്ങിപ്പോകും.
സർക്കാരും ജില്ലാ ഭരണകൂടവും നഗരസഭയും മുൻകൈ എടുത്ത് നഗരത്തിനുള്ളിലെ ഓടകളും തോടുകളും അടിയന്തരമായി വൃത്തിയാക്കണം.
എസ്.വി പ്രസന്നകുമാർ, പത്തനംതിട്ട മർച്ചന്റ്
സഹകരണ ബാങ്ക് പ്രസിഡന്റ്
എഴുമറ്റൂരിൽ നാശംവിതച്ച് കാറ്റ്
മല്ലപ്പള്ളി : തിങ്കളാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിൽ എഴുമറ്റൂരിൽ വീണ്ടും നാശം. കൊറ്റൻകുടി സി എസ് ഐ പള്ളിക്ക് മുകളിൽ തേക്കുമരം വീണ് മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചു. അട്ടക്കുഴി - വേങ്ങഴ റോഡിൽ വേങ്ങഴയ്ക്ക് സമീപം പുളിമരം കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.