തിരുവല്ല : ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് ഉപകാരപ്രദമായിരുന്ന ബസ് സർവീസുകൾ പുനരാരംഭിക്കാൻ കെ.എസ്.ആർ.ടി.സി തയാറാകണമെന്ന് ആവശ്യം ശക്തമായി. തിരുവല്ല - ഓതറ, കുറ്റൂർ-മനയ്ക്കച്ചിറ-വള്ളംകുളം, വെൺപാല, കല്ലുങ്കൽ, കാവുംഭാഗം-മേപ്രാൽ, ചാത്തങ്കരി, കോൺകോഡ്, കവിയൂർ, മുണ്ടിയപ്പള്ളി, മല്ലപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ കടുത്ത യാത്രാക്ലേശമാണ് ജനങ്ങൾ അനുഭവിക്കുന്നത്. 15വർഷങ്ങൾക്കു മുൻപ് വരെ തിരുവല്ല ഡിപ്പോയിൽ നിന്ന് ആരംഭിച്ച് കുറ്റൂർ-മനക്കച്ചിറ റോഡിൽ കാവുങ്കപ്പടി-നന്നൂർ റൂട്ടിലും തിരിച്ചും ബസ് സർവീസ് ഉണ്ടായിരുന്നു. തിരിച്ച് ഇതേറൂട്ടിൽ തിരുവല്ലയിലെത്തി കവിയൂർ, മുണ്ടിയപ്പള്ളി ഭാഗത്തേക്ക് രാവിലെയും വൈകുന്നേരവും സർവീസ് ഉണ്ടായിരുന്നതാണ്. ഇതുകൂടാതെ ചെങ്ങന്നൂർ ഡിപ്പോയിൽ നിന്ന് കുറ്റൂർ-മനയ്ക്കച്ചിറ റോഡ് വഴി നന്നൂർ, വള്ളംകുളം വരെയും തിരികെ ഇതേറൂട്ടിൽ ചെങ്ങന്നൂരിൽ എത്തുന്നതും ഉൾപ്പെടെ വളരെ ലാഭകരമായ സർവീസുകൾ ഉണ്ടായിരുന്നു. പിന്നീട് ഈ സർവീസുകൾ ഒരു കാരണവുമില്ലാതെ നിറുത്തലാക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി. ഇതിനുശേഷം ചങ്ങനാശേരിക്കാരുടെ വീണ എന്ന സ്വകാര്യ ബസ് പായിപ്പാട്ട് നിന്ന് ആരംഭിച്ച് തിരുവല്ല, കുറ്റൂർ- മനയ്ക്കച്ചിറ റോഡ് വഴി കാവുംങ്കപ്പടി, ഓതറ കരീലമുക്ക്, പൂവത്തൂർ, പുല്ലാട് വഴി കോഴഞ്ചേരിയ്ക്കും തിരികെയും വളരെ ലാഭകരമായി സർവീസ് നടത്തിയിരുന്നു. പിന്നീട് ഈ ബസ് വിറ്റതിനെ തുടർന്ന് ഇതുവഴിയുള്ള സർവീസും നിലച്ചു. ചെങ്ങന്നൂർ - ഓതറ-തിരുവല്ല റൂട്ടിലും സമാന രീതിയിൽ ബസ് സർവീസ് നടത്തിയിരുന്നു.

കൊവിഡ് വിനയായി

യാത്രക്കാർ കുറഞ്ഞതോടെ കൊവിഡ് കാലത്താണ് മിക്ക സർവീസുകളും നിറുത്തിവച്ചത്. വിദ്യാർത്ഥികൾക്കും ജോലിക്കാർക്കുമെല്ലാം വളരെ പ്രയോജനകരമായ സർവീസുകളാണ് മുടങ്ങിയിരിക്കുന്നത്. നല്ലരീതിയിൽ കളക്ഷൻ കിട്ടുന്ന ഈ റൂട്ടുകളിൽ കെ.എസ്ആർ.ടി.സി ബസ് സർവീസ് നടത്തണമെന്ന ആവശ്യം ശക്തമാണ്. ഈ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽസെക്രട്ടറി വി.ആർ. രാജേഷ് ജോ. ആർ.ടി.ഒയ്ക്ക് നിവേദനം നൽകി.