പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ മറൂർ കുളപ്പാറയിൽ കുരങ്ങ് ശല്യം രൂക്ഷമാകുന്നു. അടുത്തിടെ എത്തിയ രണ്ട് കുരങ്ങൻമാരാണ് കുളപ്പാറമല താവളമാക്കിയത്. കാർഷികവിളകൾ നശിപ്പിക്കുന്നതിനൊപ്പം ആളുകൾക്ക് നേരെയുള്ള ആക്രമണവും വർദ്ധിച്ചിട്ടുണ്ട്. വീടുകൾക്ക് പുറത്ത് കഴുകിയിടുന്ന തുണികൾ അപഹരിക്കുക, വീട്ടിൽ കയറി നാശം ചെയ്യുക, ചാർജ് ചെയ്യാൻ കുത്തിയിടുന്ന മൊബൈൽ ഫോണുകൾ ഉൾപ്പെടെ അപഹരിക്കുക, അടുക്കളയിൽ നിന്ന് ആഹാര സാധനങ്ങൾ തീറ്റയാക്കുന്നതിന് പുറമെ മൺ ചട്ടി, കലം തുടങ്ങിയവ പൊട്ടിക്കുക, തെങ്ങിൽ നിന്ന് കരിക്ക് കുടിച്ച ശേഷം തേങ്ങ പറിച്ചുകളയുക, കൈതച്ചക്കയും മറ്റ് പഴ വർഗങ്ങളും ആഹാരമാക്കുന്നതിനൊപ്പം നശിപ്പിക്കുക, കൊച്ചുകുട്ടികൾ ഉൾപ്പടെയുള്ളവർക്ക് നേരെ ആക്രമണത്തിന് ശ്രമിക്കുക എന്നിവയാണ് കുരങ്ങൻമാരുടെ പ്രധാന വിനോദങ്ങൾ. ഇത് സംബന്ധിച്ച് നാട്ടുകാർ ഗ്രാമപഞ്ചായത്തിലും വനം വകുപ്പിലും പരാതികൾ നൽകിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന ആക്ഷേപമുണ്ട്.

നേരത്തെയും ജില്ലാ ആസ്ഥനത്തോട് ചേർന്നുകിടക്കുന്ന കുളപ്പാറയിൽ കുരങ്ങൻമാരുടെ ശല്യം വ്യാപകമായിരുന്നു. അധികൃതർ നിസംഗത പാലിച്ചതോടെ അന്ന് പടക്കം പൊട്ടിച്ചും മറ്റുമാണ് നാട്ടുകാർ ഇവയെ തുരത്തിയത്. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഇവയുടെ ശല്യം . വനപാലകർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.