റാന്നി : പെരുനാട് -അത്തിക്കയം റോഡിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട സ്കൂട്ടറിൽ നിന്ന് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പെരുനാട് കെ.എസ്.ഇ.ബി ഓവർസിയർ രാജേന്ദ്രൻ സഞ്ചരിച്ച സ്കൂട്ടറാണ് നിയന്ത്രണം നഷ്ടപ്പെട്ട് പെരുനാട്- കോട്ടയം സർവീസ് നടത്തുന്ന സ്വകാര്യ ബസിനടിയിലേക്ക് ഇടിച്ചുകയറിയത്. ബസിൽ സ്കൂട്ടർ ഇടിക്കുംമുമ്പ് എടുത്തുചാടിയത് കൊണ്ടാണ് രാജേന്ദ്രൻ രക്ഷപ്പെട്ടത്. വീഴ്ചയിൽ കാൽമുട്ടുകൾക്കും, കൈക്കും നേരിയ പരിക്കുകളുണ്ട്. ജോലി സംബന്ധമായി നാറാണംമൂഴി കോലിഞ്ചിയിൽ എസ്റ്റിമേറ്റ് എടുത്ത് തിരികെ പെരുനാട് കെ.എസ്.ഇ.ബി ഓഫീസിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. രാജേന്ദ്രൻ പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ഒരാഴ്ച മുമ്പാണ് ഇതേ പാതയിൽ കണ്ണമ്പള്ളിയിൽ സ്കൂട്ടറിൽ ടിപ്പർ ഇടിച്ച് ഒരാൾ മരിച്ചത്.