മണ്ണിടിച്ചിൽ പേടിയിൽ പൊന്തനാംകുഴി
കോന്നി : മഴ ശക്തി പ്രാപിച്ചതോടെ ഭീതിയിലാണ് കോന്നി പൊന്തനാംകുഴി ഐ.എച്ച്.ഡി.പി കോളനിവാസികൾ. 2019 ഒക്ടോബർ 21ന് ഇവിടെയുണ്ടായ മണ്ണിടിച്ചിലിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തുടർന്ന് നടന്ന പരിശോധനകളുടെ അടിസ്ഥാനത്തിൽ ഈ ഭൂമി വാസയോഗ്യമല്ലെന്ന് കണ്ടെത്തി, തുടർന്ന് മുപ്പത്തിരണ്ട് കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇപ്പോൾ മഴ ശക്തമാകുമ്പോൾ പൊന്തനാംകുഴി നിവാസികളുടെ മനസിൽ ഭീതിയാണ്. കുത്തനെയുള്ള ഭൂമി ആയതിനാൽ ഇവിടെ മണ്ണിടിച്ചിൽ സാദ്ധ്യതയുണ്ട്. ചരിഞ്ഞ മലയുടെ ഒരു വശത്തെ പാറയുടെ മുകളിൽ മേൽമണ്ണു നിറഞ്ഞ പ്രദേശത്താണ് കോളനി.
അപകട ഭീഷണിയിലായ കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ, ഭൂമി വാങ്ങാൻ സർക്കാർ പണം അനുവദിച്ചിരുന്നു. ഇവിടുത്തെ രണ്ടു കുടുംബങ്ങൾ പൊന്തനാംകുഴി പാക്കേജ് പ്രകാരം സ്ഥലം വാങ്ങി വീടുവച്ച് താമസം മാറി. കുറെ പേർ പുറത്തു വാങ്ങിയ സ്ഥലങ്ങളിൽ വീടുകളുടെ പണികൾ നടത്തിവരികയാണ്. മറ്റുചില കുടുംബങ്ങൾ സർക്കാർ ആനുകൂല്യങ്ങൾക്കായി കാത്തിരിക്കുന്നു. മഴ ശക്തമായാൽ ഇവിടുത്തെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും.
കുരുമ്പൻമൂഴി ഭീതിയിൽ
റാന്നി : കനത്ത മഴയും ഉരുൾപൊട്ടലും വയനാട്ടിൽ സമാനതകളില്ലാത്ത ദുരന്തം വിതച്ചപ്പോൾ റാന്നിയുടെ കിഴക്കൻ മേഖലയായ കുരുമ്പൻമൂഴിലെ ജനങ്ങളും ഭീതിയിലാണ്.
മൂന്ന് വർഷം മുമ്പ് ഉരുൾപൊട്ടലുണ്ടായ പനംകുടന്ത, കുരുമ്പൻമൂഴി പ്രദേശങ്ങൾ ജാഗ്രതയിലാണ്. 2021 ലുണ്ടായ ഉരുൾപൊട്ടലിൽ ഇവിടെ രണ്ടു വീടുകൾ തകർന്നിരുന്നു. കൂടാതെ വീടുകളിലേക്കും മറ്റുമുള്ള റോഡുകളും ഇരുകരകളെയും ബന്ധിപ്പിക്കുന്ന പാലങ്ങളും നശിച്ചു. വളർത്തു മൃഗങ്ങൾ ഉൾപ്പടെ ഒലിച്ചുപോയി. കല്ലുകളും മറ്റും ഒലിച്ചുവന്നു വീടുകളും കൃഷിയിടങ്ങളും തകർന്നതിനാൽ പ്രദേശം വാസയോഗ്യമല്ലാതായി. അഞ്ച് കുടുംബങ്ങൾ ഇപ്പോഴും ട്രൈബൽ വകുപ്പ് ഏർപ്പെടുത്തിയ വാടക വീടുകളിലാണ് താമസം.
ഇവർക്ക് സ്ഥലം വാങ്ങുന്നതിനും വീട് വയ്ക്കുന്നതിനും ട്രൈബൽ വകുപ്പ് തുക അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കുരുമ്പൻമൂഴിക്ക് പുറമെ നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ചെമ്പന്മുടി മലനിരകളും ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന സ്ഥലമാണ്. ഇവിടെ നിരവധി ക്വാറികളും, ക്രഷർ യൂണിറ്റുകളും പ്രവർത്തിച്ചിരുന്നു. ഏതു നിമിഷവും ദുരന്തം പ്രതീക്ഷിച്ചാണ് ചെമ്പന്മുടി, മടന്തമൺ, ആറാട്ടുമൺ, അത്തിക്കയം നിവാസികൾ കഴിയുന്നത്.