ചിറ്റാർ: സി.പി.എമ്മിന്റെ കാലുമാറ്റ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണ് കഴിഞ്ഞ ദിവസം ഏഴംകുളം, ചിറ്റാർ പഞ്ചായത്തുകളിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വിജയമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
ചിറ്റാറിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച കോൺഗ്രസ് രക്തസാക്ഷിയുടെ മകനെ സി.പി.എം ജില്ലാസെക്രട്ടറിയുടെയും കോന്നി എം.എൽ.എയുടെയും നേതൃത്വത്തിൽ കൂറുമാറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റാക്കിയ അധാർമിക നടപടിയെ വാർഡിലെ ജനങ്ങൾ തള്ളിക്കളഞ്ഞതിന്റെ തെളിവാണ് ജോളി വർഗീസിന്റെ വിജയം.
ഏഴംകുളം ഗ്രാമപഞ്ചായത്തിൽ സി.പി.എം വർഷങ്ങളായി വിജയിച്ചുകൊണ്ടിരുന്ന നാലാം വാർഡിൽ 46 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന് വിജയിക്കുവാൻ കഴിഞ്ഞത് യു.ഡി.എഫ് പ്രവർത്തകരുടെ ഒരുമയോടെയുള്ള ചിട്ടയായ പ്രവർത്തനം മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.