win

പത്തനംതിട്ട : ചിറ്റാർ, ഏഴംകുളം പഞ്ചായത്തുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് തിരിച്ചട‌ി. ചിറ്റാർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ജോളി വർഗീസ് 193 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇടതു സ്വതന്ത്രൻ ജോർജ് ജേക്കബിനെ പരാജയപ്പെടുത്തി.

കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ച് ഇടതുപക്ഷത്തിനൊപ്പം ചേർന്ന് പ്രസിഡന്റായ സജി കുളത്തുങ്കലിനെ പാർട്ടി വിപ്പ് ലംഘിച്ചതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കിയ നടപടി കോടതി ശരിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിന്റെ മുതിർന്ന അംഗം ബഷീറിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിശ്ചയിച്ച പാർട്ടി നടപടി അംഗീകരിക്കാതെയാണ് സജി കുളത്തിങ്കൽ മറുകണ്ടം ചാടിയത്. സി.പി.എം പ്രവർത്തകർ കൊലപ്പെടുത്തിയെന്ന ആരോപണമുയർന്ന കോൺഗ്രസ് നേതാവ് കെ.ഇ വർഗീസിന്റെ മകനാണ് സജി. ഇദ്ദേഹത്തെ ഒപ്പം കൂട്ടിയെതിനെതിരെ സി.പി.എമ്മിൽ വിമർശനം ഉയർന്നിരുന്നു.

സജിയെ അയോഗ്യനാക്കിയതിനെ തുടർന്ന് അഞ്ച് വീതമായിരുന്നു എൽ.ഡി.എഫ്, യു.ഡി.എഫ് അംഗബലം. എൻ.ഡി.എയുടെ രണ്ട് അംഗങ്ങൾ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു. നറുക്കെടുപ്പിലൂടെ ബഷീർ പ്രസിഡന്റാവുകയും ചെയ്തു. ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ യു.ഡി.എഫിന് ആറ് അംഗങ്ങളായി. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ സി.പി.എം ഏരിയ സെക്രട്ടറി എം.എസ് രാജേന്ദ്രനെ മൂന്ന് വോട്ടുകൾക്കായിരുന്നു സജി കുളത്തുങ്കൽ പരാജയപ്പെടുത്തിയത്. ഉപതിരഞ്ഞടുപ്പിൽ കോൺഗ്രസിന്റെ ഭൂരിപക്ഷം 193ആയി ഉയർന്നത് സി.പി.എമ്മിന് ക്ഷീണമായി.

വർഷങ്ങളായി സി.പി.എം കയ്യടക്കിയിരുന്ന ഏഴംകുളം പഞ്ചായത്തിലെ നാലാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി 46 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

ചിറ്റാറിലെ വോട്ട് നില

ജോളി (കോൺഗ്രസ്) : 499
ജോർജ്ജ് ജേക്കബ് (എൽ.ഡി.എഫ് സ്വത:) : 306
പ്രസന്നകുമാർ : (ബി.ജെ.പി) : 76
ജോർജ്ജ് കുട്ടി : (സ്വതന്ത്രൻ) : 6

ചിറ്റാർ അംഗബലം

യു.ഡി.എഫ് : ആറ്

എൽ.ഡി.എഫ് : അഞ്ച്

ബി.ജെ.പി : രണ്ട്