തിരുവല്ല: ഭക്ഷ്യസുരക്ഷാ ഓഫീസർ എന്ന വ്യാജേന വ്യാപാരികളിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമമെന്ന് പരാതി. തിരുവല്ല മുൻസിപ്പൽ കൗൺസിലറും കാവുംഭാഗം മീനാക്ഷി ബേക്കറി ഉടമയുമായ ശ്രീനിവാസ് പുറയാറ്റിനെയാണ് ഫോണിലൂടെ ബന്ധപ്പെട്ട് പണം തട്ടിയെടുക്കാൻ ശ്രമിച്ചത്. വ്യാപാരികളുടെ വിവരങ്ങൾ ശേഖരിച്ച് പേരെടുത്ത് വിളിച്ച് സൗഹൃദം പുതുക്കിയശേഷം ഫുഡ് ആൻഡ് സേഫ്‌റ്റി മൺസൂൺ സ്‌ക്വാഡിലെ ഓഫീസർ എന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ്. ഹെൽത്ത് കാർഡിന്റെ കാലാവധി അവസാനിച്ചെന്നും പുതുക്കിയിട്ടില്ലെന്നും തൊഴിലാളികൾ കൂടുതലുണ്ടെന്നും ലൈസൻസ് പുതുക്കണമെന്നും പറഞ്ഞശേഷം ഗൂഗിൾ പേ മുഖേന ഫൈൻ അടയ്ക്കണമെന്നും ഫോണിലൂടെ ആവശ്യപ്പെട്ടു. എന്നാൽ ലൈസൻസ് പുതുക്കിയതിനാൽ സംശയം തോന്നിയതിനെ തുടർന്ന് ശ്രീനിവാസ് തിരുവല്ലയിലെ ഫുഡ് സേഫ്‌റ്റി ഓഫീസിലെത്തി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനരീതിയിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ഫോൺ നമ്പർ മുഖേന നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചത് സുനിൽകുമാർ എന്ന ആളാണെന്ന് വ്യക്തമായിട്ടുണ്ട്. ശ്രീനിവാസ് ഇതുസംബന്ധിച്ച് തിരുവല്ല പൊലീസിലും ഭക്ഷ്യസുരക്ഷാ ഓഫീസർക്കും പരാതി നൽകി. തട്ടിപ്പ് നടത്തിയ ആളെ കണ്ടെത്തി വ്യാപാരികളെ സംരക്ഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.