കൊല്ലം: റേഷൻ മുടങ്ങിയതോടെ പീപ്പിൾ ഫോർ ആനിമൽസിന്റെ തഴുത്തല ഷെൽട്ടറിൽ കഴിയുന്ന തെരുവ് നായ്‌ക്കളുടെ അന്നം മുട്ടി. 35 കുഞ്ഞുങ്ങൾ ഉൾപ്പടെ 130 ഓളം നായ്‌ക്കളുടെ വയറ് നിറയ്ക്കാൻ പെടാപ്പാട് പെടുകയാണ് സംഘാടകർ.
ആറ് ലാബ്രഡോറും ഒരു രാജപാളയവും അഞ്ച് പോമറേനിയനും മറ്റ് നാടൻ നായ്‌ക്കളും ഉൾപ്പടെയുള്ള അന്തേവാസികളെയാണ് സംരക്ഷിക്കുന്നത്. ഹൈബ്രീഡ് ഇനത്തിലുള്ള നായ്‌ക്കൾക്ക് പ്രത്ര്യേകം കൂടുകൾ ആവശ്യമുള്ളതിനാൽ ഇത്തരം അതിഥികളെ പുതുതായി ഏറ്റെടുക്കാൻ കഴിയുന്നില്ല.
നേരത്തെ കാർഡുടമകളിൽ ചിലർ റേഷനരി പതിവായി നൽകിയിരുന്നു. അടുത്തിടെ റേഷനരിയിൽ കുറവ് വന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. നിലവിൽ കോഴിക്കാലുകളുടെ നഖം ഒഴിവാക്കി മസാലക്കൂട്ട് ചേർത്ത് വേവിച്ച് ചോറിനൊപ്പമാണ് നൽകുന്നത്.
ഇലക്‌ട്രിസിറ്റി- വാട്ടർ ബില്ലും വെല്ലുവിളിയാണ്. ഷെൽട്ടർ ശുചിത്വവും നായ്‌ക്കളുടെ വ്യക്തി ശുചിത്വവും നിലനിറുത്താൻ വെള്ളവും വൈദ്യുതിയും അത്യാവശ്യമാണ്. ആനാഥാലയങ്ങൾക്കുള്ള താരിഫിൽ വൈദ്യുതി ബില്ല് അടുത്തിടെ ക്രമീകരിച്ചതാണ് ഏക ആശ്വാസം.
റേഷൻ വിഹിതം കുറഞ്ഞു
സുമനസുകളുടെ റേഷനരി വിഹിതം കുറഞ്ഞത് തിരിച്ചടി
സർക്കാർ സഹായമില്ലാത്തതും പ്രതിസന്ധി
പപ്പികളുടെ ദത്തെടുക്കൽ ക്യാമ്പ് സഹായകരം
കൂടുകൾ ഒഴിവില്ലാത്തതിനാൽ പുതിയവയെ ഏറ്റെടുക്കുന്നില്ല
സംഘാടകർ വിഷമഘട്ടത്തിൽ
ആകെ നായ്ക്കൾ - 130
ഭക്ഷണത്തിന് ദിവസം വേണ്ടത് - 22 കിലോ അരി
പ്രതിസന്ധികൾക്കിടയിലും വാക്‌സിനേഷൻ ഉൾപ്പടെയുള്ളവ നടക്കുന്നുണ്ട്. സർക്കാർ ഗ്രാന്റ് ലഭിച്ചാലേ സംഘടനയുടെ പ്രവർത്തനം സുഗമമാകൂ.
പ്രൊഫ. സി.കെ.തങ്കച്ചി, പ്രസിഡന്റ്
പീപ്പിൾ ഫോർ ആനിമൽസ് കൊല്ലം ചാപ്‌റ്റർ