900 മീറ്റർ ദൈർഘ്യം
ഫിഷറീസ് വകുപ്പ് എസ്‌റ്റിമേറ്റ് 80 ലക്ഷം
പഞ്ചായത്ത് വിഹിതം 20 ലക്ഷം
ഓച്ചിറ: പുന്തലമുക്ക് - വലിയകുളങ്ങറ റോഡ് മൂന്ന് വർഷമായി നാട്ടുകാരുടെ ക്ഷമയെ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഓച്ചിറ പഞ്ചായത്തിലെ 15,16 വാർഡുകൾക്ക് മദ്ധ്യേ ദേശീയ പാതയിലേക്കുള്ള റോഡാണ് ദുർഘട പാതയാകുന്നത്. ഏകദേശം 900 മീറ്റർ ദൈർഘ്യമുള്ള റോഡ് വലിയകുളങ്ങരയിൽ നിന്ന് ക്ലാപ്പനയിലേക്കുള്ള എളുപ്പ പാതയാണ്. രണ്ട് ഹൈസ്‌കൂളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളുമുള്ള ഈ പ്രദേശത്തെ തിരക്കേറിയ റോഡാണ് അനാഥമാകുന്നത്
രാത്രിയാത്രയും ദുഷ്കരം
ദുരിത പാതയ്ക്കൊപ്പം വഴിവിളക്കുകൾ കൂടി കണ്ണടച്ചതോടെ ഇതുവഴിയുള്ള രാത്രിയാത്ര ദുഷ്‌കരമായി. എന്നാൽ അടുത്തിടെ അത്യാവശ്യം തെരുവ് വിളക്കുകൾ പ്രകാശിച്ചു തുടങ്ങിയത് ആശ്വാസമാകുന്നു. ഇരുചക്ര വാഹനങ്ങൾ നിരന്തരം അപകടത്തിലാകുന്ന ഇവിടെ കാർ ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും നാട്ടുകാർ പറയുന്നു.ദേശീയപാത വികസനത്തിന്റെ ഭാഗമായി പണികൾ പുരോഗമിക്കുന്നതിനാൽ പുന്തലമുക്ക് - വലിയകുളങ്ങര റോഡ് നിലവിൽ ഏറെ തന്ത്രപ്രധാനമാണ്.
തിരക്കേറിയ ഈ ജംഗ്‌ഷനിലെ സ്‌റ്റാൻഡിൽ നിന്ന് ഓട്ടം വിളിച്ചാൽ ഓട്ടോറിക്ഷക്കാർ സവാരിക്ക് വരാറില്ല.അറ്റകുറ്റ പണികൾ നടന്ന കാലം പോലും മറന്നു.വാഹനഗതാഗതാഗതവും കാൽനട യാത്രയും ഒരുപോലെ ദുഷ്കരമാണ്.
കെ. ഭാസ്‌കരൻ
കാർത്തിക
വലിയകുളങ്ങര .
ഉന്നത ഗുണനിലവാരത്തിൽ റോഡ് നിർമ്മിക്കാൻ പഞ്ചായത്തിന് ഫണ്ടിന്റെ അപര്യാപ്‌തതയുണ്ട്. നവകേരള സദസിൽ പ്രശ്‌നം ഉന്നയിച്ചു .ഫിഷറീസ് ഫണ്ടുപയോഗിച്ചു റോഡ് നവീകരിക്കണമെന്ന ആവശ്യത്തോട് സർക്കാരിന് അനുഭാവപൂർണ നിലപാടാണുള്ളത് . ഏകദേശം 80 ലക്ഷത്തിന്റെ എസ്‌റ്റിമേറ്റ് ഫിഷറീസ് വകുപ്പ് എടുത്തതായി വിവരം ലഭിച്ചു. എങ്കിലും ഫണ്ടിന്റെ ലഭ്യതയനുസരിച്ചു മാത്രമേ പണി ആരംഭിക്കാനാകു.
സന്തോഷ് ആനേത്ത്
15 ാം വാർഡ് മെമ്പർ
റോഡ് കടന്നു പോകുന്ന ഇരു വാർഡുകളുടെയും ചേർത്തു പഞ്ചായത്ത് വിഹിതം 20 ലക്ഷം വരെ വകയിരുത്തിയിട്ടുണ്ട്.ഇതിനിടയിൽ കഴിഞ്ഞ വർഷത്തെ ഫണ്ട് പൂർണമായി അനുവദിക്കാത്തത് പുതിയ വിഹിതത്തിനും പ്രതിസന്ധി സൃഷ്‌ടിക്കുന്നു. ഫിഷറീസ് ഫണ്ട് ലഭ്യമായാൽ ആ തുക മാത്രം മതി റോഡ് ഉന്നത നിലവാരത്തിൽ നവീകരിക്കാൻ.
എൽ .സുചേതന
16 ാം വാർഡ് മെമ്പർ.