കൊല്ലം: പോളയത്തോട് ആർ.ഒ.ബിക്കു വേണ്ടിയുള്ള സ്ഥലമേറ്റെടുക്കൽ വിജ്ഞാപനത്തിന്റെ അന്തിമ കാലാവധി അവസാനിക്കാറായിട്ടും സർക്കാർ പണം അനുവദിക്കുന്നില്ല. അടുത്തമാസം 17ന് മുൻപ് നടപടി ഉണ്ടായില്ലെങ്കിൽ എല്ലാം ആദ്യം മുതൽ ആരംഭിക്കേണ്ടി വരും.
2022 ആഗസ്റ്റിലാണ് സ്ഥലമേറ്റെടുക്കാനുള്ള പ്രാഥമിക വിജ്ഞാപനം 11 (1) കളക്ടർ പുറപ്പെടുവിച്ചത്. ഏറ്റെടുക്കുന്ന ഭൂമിയുടെ പ്രാഥമിക വിവരങ്ങൾ മാത്രമാണ് ഈ വിജ്ഞാപനത്തിലുള്ളത്. ഇതിറങ്ങി ഒരു വർഷത്തിനുള്ളിൽ, ഭൂമിയുടെ വിശദ വിവരങ്ങളടങ്ങിയ 19 (1) വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് ചട്ടം. പക്ഷേ, സർക്കാർ അന്ന് അനുവദിച്ച 7.5 കോടി രൂപ സ്ഥലമേറ്റെടുക്കലിന് തികയുമായിരുന്നില്ല.
19 (1) വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ നഷ്ടപരിഹാരത്തുക, ഏറ്റെടുക്കൽ വിഭാഗത്തിന്റെ പക്കൽ ഉണ്ടായിരിക്കണമെന്നും ചട്ടമുണ്ട്. ആദ്യം അനുവദിച്ച തുക തികയാത്തതിനാൽ 19 (1) വിജ്ഞാപനത്തിനുള്ള കാലാവധി 2023 ആഗസ്റ്റിൽ ആറ് മാസത്തേക്ക് കൂടി റവന്യു വകുപ്പ് നീട്ടി നൽകി. ഇതിനിടെ, സ്ഥലമേറ്റെടുക്കലിന് ആവശ്യമായ തുക 12.33 കോടിയായി വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയെങ്കിലും പണം കൈമാറിയില്ല. ഇതോടെ ഇനി കാലാവധി നീട്ടിനൽകില്ലെന്ന കർശന വ്യവസ്ഥയോടെ കഴിഞ്ഞ ഫെബ്രുവരിയിൽ ആറ് മാസം കൂടി നീട്ടിയിട്ടും ഇതുവരെ പണം അനുവദിച്ചിട്ടില്ല.
റെയിൽവേ കനിഞ്ഞിട്ടും...
കെ.ആർ.ഡി.സി.എല്ലിനാണ് പാലത്തിന്റെ നിർമ്മാണ ചുമതല. റെയിൽവേ ലൈനിന്റെ മുകളിലെ രൂപരേഖയായ ജി.എ.ഡിക്ക് റെയിൽവേയിൽ നിന്നുള്ള അനുമതി വൈകുന്നതാണ് പലപ്പോഴും ആർ.ഒ.ബി പദ്ധതികളെ പ്രതിസന്ധിയിലാക്കുന്നത്. എന്നാൽ പോളയത്തോട് ആർ.ഒ.ബിയുടെ ജി.എ.ഡിക്ക് രണ്ടര വർഷം മുൻപ് റെയിൽവേ അനുമതി നൽകിയിരുന്നു. സാമൂഹ്യ പ്രത്യാഘാത പഠനവും പൂർത്തിയായിട്ടുണ്ട്.
പോളയത്തോട് മേൽപ്പാലം
നീളം: 350 മീറ്റർ (അപ്രോച്ച് റോഡ് സഹിതം)
വീതി: 10.5 മീറ്റർ മുതൽ 12 വരെ