കരുനാഗപ്പള്ളി: ദേശീയപാതയുടെ പടിഞ്ഞാറ് ചതുപ്പിൽ കാലുകൾ പുതഞ്ഞ പെൺകുട്ടിയെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു. ആലുംകടവ് അഞ്ജു ഭവനത്തിൽ അഞ്ജുവാണ് (22) അപകടത്തിൽപ്പെട്ടത്. കരുനാഗപ്പള്ളി ഫയർസ്റ്റേഷന് സമീപം ഇന്നലെ ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. എൻ.എച്ച് 66 ന്റെ പൈലുകൾ താഴ്ത്തുമ്പോഴുള്ള ചെളി റോഡിന്റെ പടിഞ്ഞാറ് തളം കെട്ടി കിടക്കുകയാണ്. ഹോട്ടലിലേക്ക് ആഹാരം കഴിക്കാൻ പോയ പെൺകുട്ടിയുടെ കാലുകൾ മുട്ടോളം ചെളിയിൽ പുതയുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വീതിയുള്ള ഷീറ്റ് ചെളിയുടെ പുറത്തിട്ട് പെൺകുട്ടിയുടെ വശങ്ങളിൽ നിന്ന് ചെളി നീക്കിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അസി. സ്റ്റേഷൻ ഓഫീസർ അബ്ദുൾ സമദ്, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ എസ്.വിനോദ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജി.സുനിൽ കുമാർ, ഫയർ ഓഫീസർമാരായ നാസിം, അൻവർഷ എന്നിവർ നേതൃത്വം നൽകി.