kuree

കൊല്ലം: കുരീപ്പുഴയിൽ വമ്പൻ വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിക്കാൻ സ്വകാര്യ കമ്പനിയായ സോണ്ട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡുമായി ഒപ്പിട്ട കരാർ റദ്ദാക്കാൻ നിർവഹണ ഏജൻസിയായ കെ.എസ്.ഐ.ഡി.സി സംസ്ഥാന സർക്കാരിന് കത്ത് നൽകി. അന്ത്യശാസനം നൽകിയിട്ടും കമ്പനി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്ത സാഹചര്യത്തിലാണ് നടപടി.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന് പിന്നാലെ വിവാദത്തിലായ കമ്പനിയോട് സർക്കാർ ഔദാര്യം കാട്ടാതെ കരാർ റദ്ദാക്കുമെന്നാണ് സൂചന. എന്നാൽ പുതിയ കരാർ ക്ഷണിച്ച് പദ്ധതിയുമായി മുന്നോട്ടുപോകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. പദ്ധതി ഉപേക്ഷിച്ചാൽ അതിനായി കോർപ്പറേഷൻ കൈമാറിയ ഭൂമി തിരിച്ചുനൽകും. കരാർ ഒപ്പിട്ട് മൂന്ന് വർഷം പിന്നിട്ട സാഹചര്യത്തിൽ ഒരുമാസത്തിനകം നിർമ്മാണം ആരംഭിച്ചില്ലെങ്കിൽ കരാർ റദ്ദാക്കുമെന്ന് കെ.എസ്.ഐ.ഡി.സി സോണ്ടയ്ക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. അതിനോട് പ്രതികരിക്കാത്ത സാഹചര്യത്തിലാണ് കരാർ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചത്.

മാലിന്യത്തിൽ നിന്ന് ബയോഗ്യാസ് നിർമ്മിക്കുന്ന പ്ലാന്റ് സ്ഥാപിക്കാൻ ഏകദേശം 150 കോടിയാണ് ചെലവ് കണക്കാക്കിയിരുന്നത്. ഇതിന്റെ എഴുപത് ശതമാനം ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ അടക്കമുള്ള ഏജൻസികളിൽ നിന്ന് വായ്പ എടുക്കാനായിരുന്നു കരാർ കമ്പനിയുടെ ശ്രമം. കുരീപ്പുഴയിൽ ബയോ മൈനിംഗ് പൂർത്തിയായാൽ ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും പറഞ്ഞിരുന്നു. ബയോ മൈനിംഗ് പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും കമ്പനി അധികൃതർ സ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയതു പോലുമില്ല. ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തതിന് പിന്നാലെ അവിടെ മാലിന്യസംസ്കരണത്തിന്റെ കരാറുണ്ടായിരുന്ന സോണ്ടയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നത് വായ്പയ്ക്കുള്ള ശ്രമങ്ങളെ ബാധിച്ചു. അടുത്തിടെ ബയോമൈനിംഗിന് സോണ്ടയുമായി ഉണ്ടായിരുന്ന കരാർ കോഴിക്കോട് കോർപ്പറേഷനും റദ്ദാക്കിയിരുന്നു.

ഖജനാവ് ചോർത്തുന്ന കരാർ

 ഒരു ടൺ മാലിന്യം സംസ്കരിക്കാൻ സർക്കാർ 3450 രൂപ വീതം കമ്പനിക്ക്

 മാലിന്യം സംസ്കരിച്ച് ലഭിക്കുന്ന ഊർജ്ജത്തിലൂടെയുള്ള വരുമാനവും കമ്പനിക്ക്
 ലക്ഷ്യമിട്ടത് പ്രതിദിനം 200 ടൺ മാലിന്യം സംസ്കരിക്കുന്ന പ്ലാന്റ്

 ആവശ്യമായ മാലിന്യം എത്തിച്ചില്ലെങ്കിലും പണം നൽകണം

കൊല്ലം കോർപ്പറേഷന് പുറമേ പരവൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ മുനിസിപ്പാലിറ്റികളിലെയും നഗരസഭ അതിർത്തിയിലുള്ള മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെയും മാലിന്യം പ്ലാന്റിൽ എത്തിച്ച് സംസ്കരിക്കാനായിരുന്നു കരാർ.

കോർപ്പറേഷൻ അധികൃതർ