photo
ലൈലിംഗ് നിർമ്മാണത്തിന്റെ ഭാഗമായി ചെളിക്കുട്ടായി മാറിയ കരുനാഗപ്പള്ളി ടൗൺ

കരുനാഗപ്പള്ളി: ദേശീയപാതയുടെ വശങ്ങളിൽ ആഴത്തിൽ കിടക്കുന്ന ചെളിക്കൂമ്പാരവും മലിന ജലവും യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. ഇന്നലെ ഉച്ചയ്ക്ക് കരുനാഗപ്പള്ളിയിൽ കാൽനട യാത്രക്കാരിയായ പെൺകുട്ടിയുടെ കാൽ ചെളിയിൽ പൂന്തി. ഒടുവിൽ ഫയർഫോഴ്സ് എത്തിയാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. ടൗണിൽ നടക്കുന്ന പണിയുടെ ഭാഗമായി പുറന്തള്ളുന്ന വെള്ളവും ചെളിയുമാണ് ഇത്തരത്തിൽ അപകടങ്ങൾക്ക് കാരണമാകുന്നത്.

അപകട സൂചനാ ബോർഡുകൾ ഇല്ല

റോഡിന്റെ വശങ്ങളിൽ ജെ.സി.ബി ഉപയോഗിച്ച് എടുത്തിട്ടുള്ള കുഴികളിൽ യാത്രക്കാർ വീഴുന്നത് പതിവാണ്. കാറ് ഉൾപ്പെടെയുള്ള വാഹനങ്ങളും അപകടത്തിൽ പെടാറുണ്ട്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ കരാറുകാർ കാണിക്കുന്ന അലംഭാവമാണ് അപകടങ്ങൾക്ക് കാരണം. അപകട സൂചനാ ബോർഡുകൾ പോലും സ്ഥാപിച്ചിട്ടില്ല. ഇതിലെ യാത്രക്കാർ കടക്കാതിരിക്കാൻ വേലി കെട്ടി തിരിച്ചാൽ അപകടങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും. രാത്രിയിലാണ് അപകടങ്ങൾ കൂടുന്നത്.

ഓപ്പൺ ഫ്ലൈ ഓവർ നിർമ്മാണം

ടൗണിൽ ഓപ്പൺ ഫ്ലൈ ഓവറിന്റെ നിർമ്മാണം ആരംഭിച്ചിട്ട് രണ്ട് മാസത്തോളമായി. 720 മീറ്റർ നീളത്തിലാണ് ഓപ്പൺ ഫ്ലൈ ഓവർ നിർമ്മിക്കുന്നത്. ലാലാജി ജംഗ്ഷൻ മുതൽ വടക്കോട്ട് പൊലീസ് സ്റ്റേഷന് മുൻവശം വരെയാണ് നിർമ്മാണം പുരോഗമിക്കുന്നത്. പണി നടക്കുന്ന സ്ഥലത്തുള്ള റോഡിലൂടെ ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് മുന്നോട്ട് പോകാം. ഇവിടെ ഷീറ്റ് വെച്ച് മറച്ചിട്ടുണ്ട്. പൈലിംഗ് നടക്കുമ്പോൾ പുറത്തേക്ക് വരുന്ന ചെളിവെള്ളം ജെ.സി.ബി ഉപയോഗിച്ച് എടുത്ത കുഴികളിൽ കെട്ടി കിടക്കുകയാണ്. പകൽ സമയം വെയിലേറ്റ് ചെളിയുടെ മുകൾ ഭാഗം ഉണങ്ങും. ഇതിന്റെ മുകളിലൂടെ നടക്കുന്ന യാത്രക്കാരാണ് അപകടത്തിൽ പെടുന്നത്. പണിനടക്കുന്ന സ്ഥലത്തുള്ള ഓടക്ക് മുകളിലൂടെയോ ചെളി വെള്ളം തളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിലൂടെയോ യാത്രക്കാർ പോകരുതെന്ന മുന്നറിയിപ്പ് നൽകാൻ അധികൃതർ തയ്യാറാകണം.