photo
കൊട്ടാരക്കര- പുത്തൂർ റോഡരികിൽ അവണൂരിലെ പഴയ റേഡിയോ കിയോസ്ക്

കൊട്ടാരക്കര: അവണൂരിലെ റേഡിയോ കിയോസ്ക് ഏത് നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ് . പഴമയുടെ ഈണം പക‌ർന് കിയോസ്കിനെ അധികൃതർ മറന്നു. നവീകരിക്കുമെന്ന പ്രഖ്യാപനം വാക്കിലൊതുങ്ങി. കൊട്ടാരക്കര- പുത്തൂർ റോഡരികിലായി അവണൂർ മാടൻകാവിന് എതിർവശത്തായിട്ടാണ് റേഡിയോ കിയോസ്ക് അനാഥമായി നശിക്കുന്നത്. കൊട്ടാരക്കര നഗരസഭയുടെ അധീനതയിലുള്ള കണ്ണായ സ്ഥലത്തെ ഈ കെട്ടിടമടക്കം യാതൊരു ഉപയോഗവുമില്ലാതെ നശിക്കുമ്പോഴും അധികൃതർ തികഞ്ഞ അവഗണന തുടരുകയാണ്. ഒരു വർഷം മുൻപ് റേഡിയോ കിയോസ്കിന്റെ വാർത്ത കേരളകൗമുദി പ്രസിദ്ധീകരിച്ചപ്പോൾ ഉടൻ നവീകരണം നടത്തുമെന്ന് നഗരസഭ അധികൃതർ പറഞ്ഞിരുന്നു. എന്നാൽ തുടർ നടപടികളുണ്ടായില്ല.

തുടർ വിദ്യാകേന്ദ്രവും പൂട്ടി

റേഡിയോ കിയോസ്കിന്റെ പിന്നിലായി ഒരു മുറികൂടി നിർമ്മിച്ച് കുറച്ചുകാലം തുടർ വിദ്യാകേന്ദ്രം പ്രവർത്തിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് അതും പൂട്ടി. ഇപ്പോൾ കാടുമൂടി നശിക്കുകയാണ് ഇവിടം. ഇഴജന്തുക്കളുടെ താവളമായി മാറി.

പാടിയും പറഞ്ഞും രസിപ്പിച്ച റേഡിയോ

റേഡിയോ പോലും അപൂർവമായിരുന്ന കാലത്ത് സ്ഥാപിക്കപ്പെട്ടതാണ് ഈ റേഡിയോ കിയോസ്ക്. തലമുറകളെ പാടിയും പറഞ്ഞും രസിപ്പിച്ച റേഡിയോ കിയോസ്ക് നാടിന്റെ സാംസ്കാരിക ചരിത്രത്തിന്റെ ഭാഗവുമാണ്. പ്രദേശത്തുകാർ പ്രഭാതഭേരിയ്ക്കും ചലച്ചിത്ര ഗാനങ്ങൾക്കും നാടക ശബ്ദരേഖയ്ക്കും കഥാപ്രസംഗത്തിനുമൊക്കെ കാതുകൊടുക്കാൻ കൂടിയിരുന്നതും ഇവിടെയാണ്. തിരഞ്ഞെടുപ്പ് വേളകളിൽ വാർത്തകൾ കേട്ടുകഴിഞ്ഞാൽ പിന്നെ ചർച്ചയുമുണ്ടായിരുന്നു. മുസ്ളീം സ്ട്രീറ്റിൽ നിന്നും വല്ലത്തുനിന്നും പള്ളിയ്ക്കൽ നിന്നുമൊക്കെ ആളുകളെത്തിയിരുന്നു.