പത്തനാപുരം: നാടക കലാകാരൻസിബു രചനയ്ക്ക് തണലേകി പത്തനാപുരം ഗാന്ധിഭവൻ.
നാടകനടനും സംവിധായകനും നിർമ്മാതാവും തിരുവനന്തപുരം 'രചന' നാടക സമിതിയുടെ ഉടമയുമായ സിബു (55) രചനയാണ് അന്തിയുറങ്ങാൻ ഇടമില്ലാതെ തെരുവിൽ കഴിഞ്ഞിരുന്നത്.
പ്രമേഹവും അനുബന്ധരോഗങ്ങളും തളർത്തി ഒന്നര മാസക്കാലമായി സിബു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് ഒരു മാസത്തിന് മുമ്പ് വലതുകാലിന് പൊട്ടലുണ്ടായി.
നിരവധി നാടകങ്ങളിലൂടെ ഒട്ടേറെ പേർക്ക് അവസരവും ജീവിതവും നൽകിയ സിബു രചന എന്ന കലാകാരന് ഒടുവിൽ തന്റെ ജീവിതം രക്ഷിക്കാൻ സുമനസുകളുടെ സഹായം തേടേണ്ടി വന്നു.
വിവാഹിതനും ഒരു പെൺകുട്ടിയുടെ പിതാവും ആണെങ്കിലും വർഷങ്ങളായി പിരിഞ്ഞു താമസിക്കുകയാണ്. നാടകസമിതി നടത്തിപ്പിലെ പരാജയം വൻ സാമ്പത്തിക ബാദ്ധ്യതയ്ക്കാണ് വഴിവെച്ചത്. തുടർന്ന് കിടപ്പാടം വരുന്ന നഷ്ടമാവുകയും ചെയ്തു.
സിബുവിന്റെ ജീവിതസാഹചര്യങ്ങൾ വിശദമാക്കി വന്ന പത്രവാർത്തയെ തുടർന്നാണ് സാമൂഹിക പ്രവർത്തകനും ഗാന്ധിഭവൻ കോഡിനേറ്ററുമായ സിദ്ദിഖ് മംഗലശ്ശേരി ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് അതുല്യ പ്രതിഭയായ സിബു രചനയെ ഗാന്ധിഭവൻ ഏറ്റെടുത്തു.