ശാസ്താംകോട്ട: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വിദ്യാർത്ഥികളിൽ പത്രപാരായണത്തിൽ താല്പര്യം വളർത്തുന്നതിനായി ജിഗീഷു എന്നപേരിൽ പദ്ധതി ആരംഭിച്ചു. അറിവ് നേടാം, അജയ്യനാകാം എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന പദ്ധതിക്ക് നിരവധി സമ്മാനങ്ങളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. സ്കൂൾ മാനേജർ ആർ.തുളസീധരൻപിള്ള ജിഗീഷു പദ്ധതി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ആർ. അരുൺകുമാർ അദ്ധ്യക്ഷനായി. പദ്ധതിയുടെ വിശദീകരണം സ്കൂൾ വായന കൂട്ടം കൺവീനർ എം.കെ. പ്രദീപ് നടത്തി. എല്ലാ ദിവസവും നൽകുന്ന വാർത്താ സൂചനയുടെ അടിസ്ഥാനത്തിൽ സൂചന ഉൾക്കൊള്ളുന്ന വാർത്ത ഏത് പത്രത്തിലേതെന്ന് കണ്ടെത്തി വാർത്തയുടെ തലക്കെട്ട് എഴുതി വിദ്യാർത്ഥികൾ പദ്ധതി ബോക്സിൽ നിക്ഷേപിക്കുന്നതാണ് പദ്ധതി. വിജയികൾക്ക് സമ്മാനം നൽകും ഹെഡ്മിസ്ട്രസ് എസ്. സുജ വാർത്താ സൂചന പ്രകാശനം ചെയ്തു. പി.ടി.എ അംഗം ബീന ,സീനിയർ അദ്ധ്യാപിക പി.വൈ.നദീറുന്നിസ, പി.എസ്.ഷൈല, സ്റ്റാഫ് സെക്രട്ടറി ബി.അനിൽകുമാർ , കെ.ജെ.ജയശ്രീ . സ്റ്റുഡന്റ് കൺവീനർ മനീഷ് ഭാസ്കർ എന്നിവർ സംസാരിച്ചു.കോവൂർ തോണ്ടപ്പുറത്ത് ഓമന അലക്സാണ്ടറാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്.