കൊല്ലം: ലഹരിയെ പടിക്ക് പുറത്ത് നിറുത്താൻ വിദ്യാർത്ഥികൾ മനസിൽ നല്ല ചിന്തകൾ നിറയ്ക്കണമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. കേരളകൗമുദിയും കൊല്ലം കോർപ്പറേഷനും എക്സൈസ് വകുപ്പും കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളും സംയുക്തമായി എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. അമ്മ മനസോടെയാണ് സെമിനാറിൽ പങ്കെടുത്ത വിദ്യാർത്ഥികളോട് മേയർ സംവദിച്ചത്.

നേരത്തെ യുവാക്കളെയാണ് ലഹരിമാഫിയ ലക്ഷ്യമിട്ടിരുന്നത്. ഇപ്പോൾ വിദ്യാർത്ഥികളെയും ലക്ഷ്യമിടുകയാണ്. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്രവും സ്ഫോടനാത്മകമായ കാലം ബാല്യ, കൗമാര, യൗവ്വന ഘട്ടങ്ങളാണ്. വഴിതെറ്റാൻ ഏറെ സാദ്ധ്യതയുള്ള ഈഘട്ടങ്ങളിൽ കൃത്യമായ പരുവപ്പെടുത്തൽ അനിവാര്യമാണ്. മനസിൽ ശരിയായ ലക്ഷ്യം നിറച്ച് ഊർജ്ജസ്വലമായ ചിന്തകൾ നിറയ്ക്കണം. നല്ല പുസ്തകങ്ങൾ വായിക്കണം. മഹാന്മാരുടെ ജീവിതം മനസിലാക്കണം. നല്ലയാളുകളുമായി മാത്രം കൂട്ടുകെട്ട് ഉണ്ടാക്കണം. അച്ഛനമ്മമാർ കുട്ടികളുടെ കൂട്ടുകാരായി മാറണം. കുട്ടികൾ എല്ലാക്കാര്യങ്ങളും രക്ഷിതാക്കളോട് തുറന്നുപറയണം. പഠനത്തിൽ പെട്ടെന്ന് പിന്നാക്കം പോകുന്ന വിദ്യാർത്ഥികളെ അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം. ലഹരിപദാർത്ഥങ്ങളിൽ ലഹരി കണ്ടെത്തുന്നതിന് പകരം ജീവിത വിജയം ലഹരിയായി കാണണമെന്നും മേയർ പറഞ്ഞു.

എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ സ്പെഷ്യൽ ഓഫീസർ പ്രൊഫ. കെ.സാംബശിവൻ അദ്ധ്യക്ഷനായി. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ ആശംസ നേർന്നു. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഉദ്യോഗസ്ഥൻ സോണി.ജെ.സോമൻ ബോധവത്കരണ ക്ലാസ് നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ എസ്.നിഷ സ്വാഗതവും അദ്ധ്യാപികയായ ടി.കവിത നന്ദിയും പറഞ്ഞു.

നഗരത്തിലെ എല്ലാ വിദ്യാലയങ്ങളിലും സംഘടിപ്പിക്കും

കേരളകൗമുദിയുമായി ചേർന്ന് ലഹരിക്കെതിരെ ഒരുവർഷം നീണ്ടുനിൽക്കുന്ന പ്രചാരണമാണ് കോർപ്പറേഷൻ ആലോചിച്ചിട്ടുള്ളതെന്നും നഗരത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രചാരണം സംഘടിപ്പിക്കുമെന്നും മേയർ പറഞ്ഞു.

ലഹരിവ്യാപനത്തെ പ്രതിരോധിക്കാൻ ബഹുമുഖമായ പ്രവർത്തനങ്ങൾ അനിവാര്യമാണ്. ലഹരിപദാർത്ഥങ്ങളുടെ വില്പന ഏറ്റവും വലിയ ബിസിനസായി മാറുകയാണ്. ലഹരി ഉപയോഗിക്കില്ലെന്ന് വിദ്യാർത്ഥികൾ ദൃഢ പ്രതിജ്ഞയെടുക്കണം.

പ്രൊഫ. കെ.സാംബശിവൻ

എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ സ്പെഷ്യൽ ഓഫീസർ

ലഹരിയുമായി ബന്ധപ്പെട്ട ചെറിയ കുറ്റങ്ങൾക്ക് പോലും വലിയ ശിക്ഷ ലഭിക്കും. നാല് വർഷം വരെ തടവും പതിനായിരം രൂപ പിഴയുമാണ് ലഹരിക്കേസുകൾക്കുള്ള ഏറ്റവും ചെറിയ ശിക്ഷ. നഖത്തിന് ഇടയിൽ ഒളിപ്പിച്ച് വയ്ക്കാവുന്ന ലഹരിവസ്തുക്കൾ പോലും ഇപ്പോഴുണ്ട്. അതുകൊണ്ട് സൗഹൃദയങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം.

സോണി.ജെ.സോമൻ

എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഉദ്യോഗസ്ഥൻ

ലഹരി വ്യാപനത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തേണ്ട കാലമാണിത്. ആ പോരാട്ടം രാജ്യത്തിന്റെ പുരോഗതിക്കും അനിവാര്യമാണ്. വിദ്യാ‌ർത്ഥികൾ ലഹരിവിരുദ്ധ പ്രവർത്തനത്തിന്റെ പ്രചാരകരാകണം.

എസ്.ർനിഷ, പ്രിൻസിപ്പൽ

എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ