കുന്നത്തൂർ: കൊട്ടാരക്കര - ഭരണിക്കാവ് റോഡിൽ ഇടിഞ്ഞകുഴി പൈപ്പ് മുക്കിന് സമീപമുള്ള അംബികാലയം ഫ്യൂവത്സിൽ നിന്ന് പട്ടാപ്പകൽ 24,000 രൂപ കവർന്ന സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ കഴിയാതെ പൊലീസ്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ഇന്ധനം നിറയ്ക്കാൻ എത്തിയയാളാണ് മോഷണം നടത്തിയത്. ജീവനക്കാരി മാറിയ സമയത്താണ് ഫില്ലിംഗ് നീഡിലിനോട് ചേർന്നുള്ള മേശയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചത്. നിരീക്ഷണ കാമറയിൽ നിന്ന് മോഷണം നടത്തിയയാൾ എന്ന് സംശയിക്കുന്ന കുന്നത്തൂർ സ്വദേശിയെ തുടക്കത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ മോഷണത്തിൽ ഇയാൾക്ക് പങ്കില്ലെന്ന നിഗമനത്തിൽ പിന്നീട് വിട്ടയക്കുകയായിരുന്നു. നിരീക്ഷണ കാമറയിൽ പ്രതിയുടെ വ്യക്തമായ ചിത്രം പതിഞ്ഞിട്ടില്ലെന്ന വാദം നിരത്തി പൊലീസ് അന്വേഷണം അവസാനിപ്പിച്ചതായാണ് വിവരം.