ramachandran

 ഭാര്യയും മാതാവും ഗുരുതരാവസ്ഥയിൽ

കൊട്ടാരക്കര: മനോരോഗത്തിനുള്ള ഗുളിക വലിയഅളവിൽ കലർന്ന മീൻകറി കഴിച്ച വൃദ്ധൻ മരിച്ചു. വൃദ്ധന്റെ ഭാര്യയെയും ഭാര്യാ മാതാവിനെയും ഗുരതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊട്ടരക്കര പടിഞ്ഞാറ്റിൻകര കെ.എസ് നഗർ ബി 144 അഭിറാം ഭവനിൽ രാമചന്ദ്രനാണ് (62) മരിച്ചത്. ഭാര്യ ഗിരിജാകുമാരി (52), ഭാര്യ മാതാവ് കമലമ്മ (72) എന്നിവരാണ് ചികിത്സയിലുള്ളത്. കൊട്ടാരക്കരയിൽ ഇലക്ട്രോണിക്സ് കടയും കമ്പ്യൂട്ടർ സർവീസ് സെന്ററും നടത്തിവരികയായിരുന്ന രാമചന്ദ്രൻ കുറച്ചുകാലമായി മാനസിക രോഗത്തിനുള്ള ചികിത്സയിലായിരുന്നുവെന്ന് കൊട്ടാരക്കര പൊലീസ് പറഞ്ഞു.ശനിയാഴ്ച ഉച്ചയ്ക്ക് പുറത്തുപോയ രാമചന്ദ്രന്റെ മകൻ അഭിറാം വൈകിട്ടോടെ മടങ്ങിയെത്തിയപ്പോൾ അമ്മ ഗിരിജ കുമാരി നിലത്തും അമ്മൂമ്മ കമലമ്മ കട്ടിലിലും ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഈ സമയത്ത് രാമചന്ദ്രനെ നോക്കിയെങ്കിലും കട്ടിലിൽ ഉറങ്ങിക്കിടക്കുന്നത് പോലെയാണ് തോന്നിയത്. അഭിറാം ഉടൻ തന്നെ അയൽക്കാരുടെ സഹായത്തോടെ ഗിരിജകുമാരിയെയും കമലമ്മയെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

ഗുരുതരാവസ്ഥയിലായതിനാൽ ഇരുവരെയും ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ പത്തോടെ അഭിറാം വീട്ടിലെത്തിയപ്പോൾ രാമചന്ദ്രൻ അബോധാവസ്ഥയിലായിരുന്നു. ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഗിരിജകുമാരിയുടെയും കമലമ്മയുടെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന രാമചന്ദ്രന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും.