അഞ്ചാലുംമൂട്: ദേശീയപാതയിൽ യാത്രക്കാരുടെ നടുവിന് ഭീഷണിയായിരുന്ന, ഒറ്റക്കൽ ജംഗ്ഷനിലെ താത്കാലിക റോഡ് ടാർ ചെയ്തു രണ്ട് ദിവസം മുൻപാണ് നിർമ്മാണ കമ്പനി അധികൃതരുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തിയത്. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കഴിഞ്ഞ മേയ് 26ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ബൈപ്പാസ് ആറ് വരിയാക്കുന്നതിന്റെ ഭാഗമായി കടവൂരിൽ നിന്ന് അഞ്ചാലുംമൂട്ടിലേക്കുള്ള റോഡിന്റെ മദ്ധ്യഭാഗം നിർമ്മാണ കമ്പനി അധികൃതർ അടച്ചിരുന്നു. അതിനാൽ കല്ലുംതാഴം, അഞ്ചാലുംമൂട് ഭാഗങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ ഈ താത്കാലിക റോഡാണ് ഉപയോഗിക്കുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് പുറമേ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളും ഇതുവഴിയാണ് കടന്നു പോകുന്നത്. സി.കെ.പിയിലെ കുടുംബാരോഗ്യകേന്ദ്രം, അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് കൊല്ലത്തെ ആശുപത്രികളിലേക്കും തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കുള്ള ആംബുലൻസുകൾക്കും ഇതേ വഴിയാണ് ആശ്രയം.
ദേശീയപാത ആറ് വരിയാക്കുന്നതിന്റെ നിർമ്മാണ പ്രവൃത്തികൾ മൂലം വലിയ ഗതാഗതക്കുരുക്കാണ് ഒറ്റക്കൽ ജംഗ്ഷനിൽ അനുഭവപ്പെടുന്നത്. മറ്റുവാഹനങ്ങൾക്ക് പുറമെ സ്‌കൂൾ വാഹനങ്ങൾ കൂടി വന്നതോടെ ഗതാഗതക്കുരുക്ക് മുറുകി. രാവിലെയും വൈകിട്ടുമാണ് ഇവിടെ കുരുക്ക് മുറുകുന്നത്. ഗതാഗത നിയന്ത്രണത്തിന് കരാർ കമ്പനി ഒരാളെ നിയമിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ല.
അന്തി മയങ്ങിയാൽ കൂരിരുട്ട്
ഇവിടെ മുൻപ് ഉണ്ടായിരുന്ന ഹൈമാസ്റ്റ് ലൈറ്റ് നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി നീക്കം ചെയ്തു. ഇതോടെ സന്ധ്യ മയങ്ങിയാൽ പ്രദേശമാകെ ഇരുട്ടിലാകും. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് ഏക ആശ്രയം. മതിയായ വെളിച്ചം ഒറ്റക്കൽ ജംഗ്ഷനിൽ സജ്ജമാക്കണമെന്ന് ജനപ്രതിനിധികളും യാത്രക്കാരും ആവശ്യപ്പെട്ടിട്ടും നിർമ്മാണ കമ്പനി അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പരാതി.