കൊട്ടാരക്കര: വലിയ പ്രതീക്ഷകൾ വച്ച് , വിയർപ്പൊഴുക്കി നട്ട വിത്തൊന്നും മുളച്ചില്ല. ജില്ലയിലെ ഏറ്റവും വലിയ പാടശേഖര സമിതിയായ കരീപ്ര തളവൂർക്കോണം പാട്ടുപുരയ്ക്കൽ ഏലാസമിതിയിലെ അറുപതോളം കർഷകരാണ് ദുരിതത്തിലായത്. 60 ഏക്കറിലധികം പാടത്താണ് ഇവരുടെ കൃഷി. കടമെടുത്തും വായ്പയെടുത്തുമാണ് ഓരോരുത്തരും കൃഷി ഇറക്കിയത്. വിത്തെറിഞ്ഞിട്ട് രണ്ടാഴ്ചയായിട്ടും ഒരു മുളപോലും വരാത്തതിന്റെ ആഘാതത്തിലാണ് കർഷകർ.
നഷ്ടപരിഹാരം അനുവദിക്കണം
ഇത്തവണ കൃഷി ഇറക്കുന്നതിനായി കരീപ്ര കൃഷിഭവനിൽ നിന്നാണ് നെൽവിത്തുകൾ നൽകിയത്. 1600 കിലോ ഉമ വിത്താണ് ലഭിച്ചത്. അതിൽ നാലിൽ ഒന്നു പോലും മുളച്ചില്ലെന്നു കർഷകർ പറയുന്നു. കാലാവസ്ഥ വളരെ അനുകൂലമായിരുന്നിട്ടും നെൽവിത്തുകൾ മുളക്കാതിരുന്നതാണ് കർഷകരെ കണ്ണീരിലാഴ്ത്തിയത്. അറുപതേക്കർ പാടത്ത് കൃഷി നടത്തി അധ്വാനം പാഴായതായി കർഷകർ പരാതിപ്പെടുന്നു.
അടിയന്തരമായി സർക്കാർ ഇടപെട്ട് കർഷകർക്ക് ഗുണനിലരവാരമുള്ള നെൽവിത്തു സൗജന്യമായി നൽകണം. നഷ്ടപരിഹാരം അനുവദിക്കണം. ഇതു സംബന്ധിച്ച് കൃഷി മന്ത്രിക്കും മറ്റു ബന്ധപ്പെട്ടവർക്കും നിവേദനം നൽകിയിട്ടുണ്ട്.
പാടശേഖര സമിതി ഭാരവാഹികൾ
വിത്തു മുളപ്പിച്ചു കാണിച്ചാണ് നൽകിയത്. എന്തു സംഭവിച്ചു എന്നു പരിശോധിക്കാം
കൃഷി ഭവൻ
കരീപ്ര