ശാസ്താംകോട്ട : തടാക സംരക്ഷണത്തിന്റെ ഭാഗമായി തടാക തീരത്ത് വളർന്നുവരുന്ന അക്കേഷ്യ തൈകൾ വേരോടെ പിഴുതുമാറ്റുന്ന പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ അക്കേഷ്യ നീക്കം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. നമ്മുടെ കായൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ കെ.എസ്.എം.ഡി.ബി കോളേജ് എൻ.സി.സി യൂണിറ്റുമായി ചേർന്നാണ് തടാകതീരത്തെ അക്കേഷ്യ തൈകൾ നീക്കം ചെയ്ത് തുടങ്ങിയത്. തടാകത്തിലെ ജലം അമിതമായി വലിച്ചെടുക്കുന്ന അക്കേഷ്യ മരങ്ങൾ തടാകത്തിന് ഭീഷണിയായി വളർന്നുകൊണ്ടിരിക്കുകയാണ്. പല ഭാഗങ്ങളിലും അക്കേഷ്യ കാടുകൾ തന്നെ രൂപംകൊണ്ടിട്ടുണ്ട്. 2015ൽ ആണ് 4800 മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ലേലം നൽകിയത്. അതിനുശേഷം ലക്ഷകണക്കിന് മരങ്ങൾ വളർന്നു കഴിഞ്ഞു. നമ്മുടെ കായൽ കൂട്ടായ്മ കൺവീനർ എസ്.ദിലീപ് കുമാർ അദ്ധ്യക്ഷനായി. എൻ.സി.സി ഓഫീസർ ഡോ.ടി.മധു, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ നിയാസ്,കായൽ കൂട്ടായ്മപ്രവർത്തകർ സിനു,ബിനു, അജിത കുമാർ, ഷേണായി,ഗിരികുമാർ, ഭൂപേഷ്, മോനി,രാഹുൽ, അമ്പാടി, ഉണ്ണിക്കുട്ടൻ എന്നിവർ പങ്കെടുത്തു.