കൊല്ലം: കൊല്ലം ജില്ലയുടെ പൈതൃകമായ കൊല്ലം എൻ.സി.സി യൂണിറ്റ് കണ്ണൂരിലേക്ക് മാറ്റാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സൈനിക സംഘടന ക്വിലോൺ മല്ലു സോൾജിയേഴ്സ് കുടുംബ സംഗമം ആൻഡ് ചാരിറ്റബിൾസ് സൊസൈറ്റി മുഖ്യമന്ത്രി, മന്ത്രി ആർ. ബിന്ദു, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ജില്ലയിലെ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ.ബി. ഗണേശ്കുമാർ എന്നിവർക്ക് നിവേദനം നൽകി. ജില്ലയിലെ മുഴുവൻ എം.എൽ.എമാർക്കും നിവേദനം സമർപ്പിച്ചു.
60 വർഷത്തോളം പഴക്കമുള്ള കൊല്ലം എൻ.സി.സി യൂണിറ്റിൽ ഇരുപതിനായിരത്തോളം കേഡിറ്റുകൾ വർഷാവർഷം പരിശീലനം നേടുന്നുണ്ട്. കൂടാതെ യൂണിറ്റിൽ 35 വിമുക്തഭടന്മാർ ജോലി ചെയ്യുന്നുണ്ട്. ജില്ലയിലെ വിമുക്തഭടന്മാർക്കും ആശ്രിതർക്കുമായി കാന്റീൻ സൗകര്യവുമുണ്ട്. പഠനങ്ങളൊന്നും നടത്താതെയാണ് യൂണിറ്റ് കണ്ണൂരിലേക്ക് മാറ്റുന്നതെന്നും നിവേദനത്തിൽ പറയുന്നു. ക്യു.എം.എസ് പ്രസിഡന്റ് കിഷോർ അതിജീവൻ, രക്ഷാധികാരി ജിനു കുമ്മല്ലൂർ, കോ ഓർഡിനേഷൻ ഹെഡ് അനീഷ് നന്ദനത്തിൽ, അംഗങ്ങളായ പ്രദീപ്, സനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.