കൊല്ലം: കശുഅണ്ടി തൊഴിലാളികളുടെ വർദ്ധിപ്പിച്ച കൂലി എല്ലാ ഫാക്ടറികളിലും നടപ്പാക്കുന്നതിന് തൊഴിൽ വകുപ്പിന്റെ ഇടപെടൽ വേണമെന്ന് കശുഅണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അഞ്ച് വർഷം കൂടുമ്പോൾ പുതുക്കേണ്ട കൂലി വ്യവസായ പ്രതിസന്ധിയുടെ പേരിൽ എട്ട് വർഷത്തിന് ശേഷമാണ് പുതുക്കിയത്. എന്നിട്ടും തൊഴിലാളികൾക്ക് ലഭിക്കുന്നത് അഞ്ഞൂറ് രൂപയിൽ താഴെയാണ്. വർദ്ധനവ് കാഷ്യു കോർപ്പറേഷനിലും കാപ്പെക്സിലും മാത്രമാണ് നടപ്പിലായിട്ടുള്ളത്. സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിലും വർദ്ധിപ്പിച്ച കൂലി നൽകണമെന്ന് പ്രസിഡന്റ്‌ ജി.ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി അഡ്വ. ജി.ലാലു റിപ്പോർട്ട്‌ അവതരിപ്പിച്ചു. അഡ്വ. സി.ജി.ഗോപുകൃഷ്ണൻ, എസ്.അഷറഫ്, ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ, മാവേലിക്കര കുട്ടപ്പൻ, നാസർ, എസ്.സജീവ്, ദിനേശ് ബാബു, എസ്.ഡി.അഭിലാഷ്, ജി.പ്രദീപ്‌, ബി.അജയഘോഷ്, ബി.രാജു, എം.സുരേന്ദ്രൻ, എൻ.സോമരാജൻ എന്നിവർ സംസാരിച്ചു.