പുത്തൂർ : കാഴ്ചകളാൽ സമ്പന്നമാണ് പുത്തൂരിലെ ആറ്റുവാശേരി ഗ്രാമം. ഓലമേഞ്ഞ കൽമണ്ഡപവും കല്ലടയാറിന്റെ സുഖസാമീപ്യവും പച്ചപ്പ് പടർന്ന പ്രദേശങ്ങളും ബോട്ടിംഗിന് യോജിച്ച വെള്ളക്കെട്ടുകളും പിന്നെ പഴമയുടെ തിരുശേഷിപ്പുകളും എത്രകണ്ടാലും മതിവരില്ല. കുളക്കട ഗ്രാമപഞ്ചായത്തിന് കീഴിലുള്ളതാണ് ഐതീഹ്യ പ്രസിദ്ധമായ ഈ പ്രദേശം. പണ്ട് വയൽ വാണിഭത്തിനും കാളച്ചന്തയ്ക്കും പേരുകേട്ടതായിരുന്നു ഇവിടം. കൊയ്‌ത്തുകഴിഞ്ഞ പാടത്താണ് കാളച്ചന്തകൾ നടന്നിരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പോലും വ്യാപാരികൾ ഇവിടെ കാളയെ വാങ്ങാനെത്തിയിരുന്നു. എന്നാലിപ്പോൾ വയൽവാണിഭത്തറയിൽ നിന്ന് ചെളിയെടുപ്പ് മാഫിയ കൊള്ളലാഭം കൊയ്തു. ഇവിടം കൃഷിയ്ക്ക് യോഗ്യമല്ലാത്ത വിധം വെള്ളക്കെട്ടായി മാറി.
പഴമയുടെ മണ്ഡപം
രാജഭരണകാലത്ത് നിർമ്മിച്ചതാണ് ആറ്റുവാശേരിയിലെ ഓലമേഞ്ഞ മണ്ഡപം. ഭാരതീയ തച്ചുശാസ്ത്ര വിധിപ്രകാരം നിർമ്മിച്ച ഓലമേഞ്ഞ മണ്ഡപം നാട്ടുകൂട്ടങ്ങളുടെ വേദിയായിരുന്നു. തണൽമരത്തിന് കീഴെയുള്ള മണ്ഡപം കാഴ്‌ചയുടെ കൗതുകം മാത്രമല്ല, വിശ്വാസത്തിന്റെയും ഭാഗമാണ്. ദേശദേവതയായ പുത്തൂർ കണിയാപൊയ്‌ക ഭഗവതി മണ്ഡപത്തിൽ വിശ്രമത്തിനെത്തുമെന്ന വിശ്വാസവും നാട്ടുകാർക്കുണ്ട്. ക്ഷേത്രത്തിലെ ഉത്സവ വേളകളിൽ മണ്ഡപം ഓലമേഞ്ഞ് പുതുക്കാറുണ്ട്. അധികം ദൂരത്തല്ലാതെ മണ്ണടി ക്ഷേത്രവുമായി ബന്ധപ്പെട്ട ദേശക്കല്ലും പഴയകാലത്തെ ഓർമ്മപ്പെടുത്തുന്നു.
കൽത്തൊട്ടി
കാളച്ചന്തയിലെത്തുന്ന കന്നുകാലികൾക്ക് വെള്ളം നൽകാനായി നിർമ്മിച്ച കൽത്തൊട്ടി, മണ്ഡപത്തിന് സമീപത്തായി ഇപ്പോഴും ഓർമ്മപ്പെടുത്തലായി കിടപ്പുണ്ട്. ഒറ്റപ്പാറയിൽ കൊത്തിയെടുത്തതാണ് ഈ തൊട്ടി.
പച്ചപ്പിന്റെ സൗന്ദര്യം
പണ്ട് കാളച്ചന്ത നടന്നിരുന്ന പാടങ്ങളൊക്കെ ചെളിയെടുപ്പിൽ വലിയ കുഴികളായി മാറി. ഇവിടെ വെള്ളം നിറഞ്ഞും ചെറു തുരുത്തുകൾ രൂപപ്പെട്ടും കാഴ്‌ചക്കാർക്ക് ഇഷ്‌ടപ്പെടുന്ന പ്രദേശമായി മാറിക്കഴിഞ്ഞു. നേരത്തെ ഇഷ്‌ടിക കമ്പനിയോട് ചേരുന്ന ഭാഗത്ത് ചങ്ങാടം നിർമ്മിച്ചിട്ട് വെള്ളത്തിൽ ഇറക്കിയിരുന്നു. വെള്ളത്തിന് മുകളിൽ പായൽപ്പച്ച നിറഞ്ഞത് കൂടുതൽ സുന്ദരക്കാഴ്ചയാണ്. ഇവിടുത്തെ സൗന്ദര്യക്കാഴ്‌ചകൾ നിരവധി ആൽബങ്ങളിലും സീരിയലുകളിലും പാട്ടുകളിലുമൊക്കെ ഇടംപിടിച്ചിട്ടുണ്ട്.
അങ്ങനെ ആറ്റുവാശേരിയായി!
ആറ്റുവാശേരി ഗ്രാമത്തിന് ഐതീഹ്യപ്പെരുമയുമുണ്ട്. പാണ്ഡവരുടെ അജ്ഞാതവാസക്കാലത്ത് അവരെ തേടിയെത്തിയ നൂറ്റവർ (കൗരവർ) തമ്പടിച്ചത് ആറ്റുവാശേരിയിലാണെന്നാണ് ഐതീഹ്യങ്ങളിൽ സൂചിപ്പിക്കുന്നത്. നൂറ്റവരുടെ ചേരിയാണ് പിന്നീട് ആറ്റുവാശേരി ആയത്. കല്ലടയാറിന് മറുവശത്ത് പാണ്ഡവർ ( ഐവർ ) താമസിച്ചിരുന്നതിനാൽ ഇവിടം ഐവർകാലയെന്നും അറിയപ്പെടുന്നു.