k
അമ്മ ചാരിറ്റബിൾ ട്രസ്റ്റ്‌ പുനർ നിർമ്മിച്ച വീടിന്റെ താക്കോൽ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ എൻ ശാന്തിനി വിമല അമ്മയ്ക്ക് കൈമാറുന്നു

ചാത്തന്നൂർ: ദുരന്തങ്ങൾ വിട്ടൊഴിയാതിരുന്ന വിമല അമ്മയ്ക്ക് (75) ആശ്വാസമേകി അമ്മ ചാരിറ്റബിൾ ട്രസ്റ്റ്. വീടിന് മേൽക്കൂര പണിതും അടച്ചുറപ്പുള്ള വാതിലുകൾ ഉണ്ടാക്കിയും ട്രസ്റ്റ് അംഗങ്ങൾ വിമല അമ്മയ്ക്കൊപ്പം നിന്നു.

കല്ലുവാതുക്കൽ പഞ്ചായത്തിലെ പാമ്പുറം വാർഡിൽ ഗവ. മെഡിക്കൽ കോളേജിന് സമീപമാണ് വിമല അമ്മയുടെ ശിവാലയം വീട്. തയ്യൽ തൊഴിലാളിയായിരുന്ന ഭർത്താവ് ശിവദാസൻ 22 വർഷം മുമ്പ് മരണമടഞ്ഞു. ഭർത്താവിന്റെ മരണത്തിന് തൊട്ടുമുമ്പാണ് പെട്ടെന്നൊരുനാൾ വയറിളക്കവും ഛർദ്ദിയും ബാധിച്ച് അഞ്ചു വയസുകാരനായ മൂത്ത മകൻ ദിലീപിന്റെ മരണം. മൂന്ന് വർഷം മുമ്പാണ് രണ്ടാമത്തെ മകൻ സജീവ് (47) വാഹനാപകടത്തിൽ മരിക്കുന്നത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്കു വരുമ്പോൾ മൈലാടും പാറയിൽ വച്ച് ബൈക്കിൽ ലോറിയിടിച്ചായിരുന്നു മരണം. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ സജീവ് വായ്പയെടുത്ത് കുളമടയിൽ വീട് വച്ചപ്പോൾ അമ്മയ്ക്കും പാമ്പുറത്ത് ഒരു കൊച്ചു വീട് നിർമ്മിച്ചു. കല്ലുകെട്ടി ഷീറ്റ് മേഞ്ഞ ആ വീട്ടിലാണ് വിമല അമ്മ താമസിച്ചിരുന്നത്.

എട്ടു മാസം മുമ്പ് മഞ്ഞപ്പിത്തംബാധിച്ച് മൂന്നാമത്തെ മകൻ ബിജു (49) മരിച്ചു. ബിജുവും സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുത്താണ് വീട് വച്ചത്. ബിജുവിന്റെ മരണത്തോടെ വായ്പ തിരിച്ചടവും മുടങ്ങി. ബിജുവിന്റെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളും ഇപ്പോൾ ജപ്തി ഭീഷണി നേരിടുകയാണ്. വിമല അമ്മ താമസിച്ചിരുന്ന വീടിന്റെ മേച്ചിൽ ഷീറ്റുകൾ പൊട്ടിപ്പൊളിഞ്ഞു. വാതിലുകൾ ദ്രവിച്ച് തകർന്നു. ഇതിനിടെ ഒരു നാൾ രാത്രി കിടപ്പുമുറിയിൽ പാമ്പും ഇഴഞ്ഞുകയറി. ദയനീയ ജീവിതമായിരുന്നു വിമല അമ്മയ്ക്ക്.

സാമൂഹിക പ്രവർത്തകർ വിമല അമ്മയുടെ അവസ്ഥ അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ്‌ കുമാറിനെ അറിയിച്ചതോടെയാണ് വീട് സുരക്ഷിതമാക്കിയത്. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി പുതുക്കി പണിത വീടിന്റെ താക്കോൽ വിമല അമ്മയ്ക് കൈമാറി. അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ് കുമാർ, കബീർ പാരിപ്പള്ളി, നഹാസ് ഫോർ ഹോംസ് തുടങ്ങിയവർ പങ്കെടുത്തു.