കൊല്ലം: ക്ലാസ് മുറികളും സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ ബോദ്ധ്യപ്പെടുത്താൻ ശുചിത്വ സമൃദ്ധി വിദ്യാലയം പദ്ധതിയുമായി ജില്ലാ ശുചിത്വ മിഷൻ.

മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ, ജലാശയങ്ങളിൽ ഒഴുക്കൽ എന്നിവ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും സഹകരണത്തോടെ വിദ്യാർത്ഥികളെ ബോദ്ധ്യപ്പെടുത്തും. സ്കൂളിൽ വരുന്ന എല്ലാ പാഴ് വസ്‌തുക്കളും ശാസ്ത്രീയമായി പരിപാലിക്കുന്നതോടൊപ്പം പോഷണ മൂല്യം ഏറെയുള്ള ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് പോഷകസമൃദ്ധിയും പദ്ധതിയുടെ ലക്ഷ്യമാണ്. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന എൽ.പി, യു.പി, എച്ച്.എസ് സ്കൂ‌ളുകളെയും ശുചിത്വ അംബാസിഡർ, ശുചിത്വ കോ ഓർഡിനേറ്റർ, അദ്ധ്യാപക രക്ഷാകർത്തൃ സമിതി, തദ്ദേശസ്വയംഭരണ സ്ഥാപനം എന്നിവരെ കണ്ടെത്തി അനുമോദിക്കും.

ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ

 മാലിന്യത്തെ ഉറവിടത്തിൽ തന്നെ തരം തിരിക്കൽ

 ഖരമാലിന്യത്തെ ജൈവാവശിഷ്ടം, അജൈവ പാഴ് വസ്‌തുക്കളായി വേർതിരിക്കൽ

 ജൈവവളം ഉല്പാദനം

 ഭക്ഷണാവശിഷ്ടം ഉപയോഗിച്ച് ബയോഗ്യാസ് ഉല്പാദനം, പാചകം

 അജൈവ വസ്തുക്കൾ ഹരിതകർമ്മസേനയ്ക്ക് കൈമാറൽ

 ദ്രവ മാലിന്യത്തിന്റെ ശാസ്ത്രീയ സംസ്കരണം

 ശാസ്ത്രീയ സാനിട്ടറി നാപ്കിൻ സംസ്കരണം
 മെൻസ്ട്രൽ കപ്പ് പരിചയപ്പെടുത്തൽ

 സ്കൂളിലെ പരിപാടികളിൽ ഹരിതചട്ടം

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പ്രഖ്യാപനവും ലോഗോ പ്രകാശനവും ഇന്ന് രാവിലെ 9.30ന് പന്മന ചിറ്റർ ഗവ. യു.പി.എസിൽ നടക്കും.

കെ. അനിൽകുമാർ

ജില്ലാ ശുചിത്വ മിഷൻ കോ- ഓഡിനേറ്റർ