കൊല്ലം: ഇരുചക്ര വാഹനങ്ങൾക്ക് കെണിയൊരുക്കി കടവൂർ-മങ്ങാട് പാലത്തിലെ മൺകൂനകൾ.
മേവറം- കാവനാട് ബൈപ്പാസിലെ പാലത്തിന് ഇരുവശത്തും കൂട്ടിയിട്ടിരിക്കുന്ന മൺകൂനകളിൽ തട്ടി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി.
കല്ലുംതാഴത്ത് നിന്ന് കാവനാട്ടേക്ക് വരുമ്പോൾ വലതുവശത്തായാണ് മൺകൂനകളുള്ളത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലത്തിന്റെ വശങ്ങളിലേക്ക് അടിഞ്ഞുകൂടുന്ന മണ്ണും മഴയത്ത് പാലത്തിലേക്ക് ഒലിച്ചെത്തുന്ന മണ്ണും ബൈപ്പാസ് നിർമ്മാണത്തിന് ലോറിയിൽ കൊണ്ടുപോകുന്ന മണ്ണുമാണ് പാലത്തിൽ പലയിടത്തായി കിടക്കുന്നത്.
അടിഞ്ഞുകൂടിയ മണ്ണിൽ പൊതഞ്ഞ് വാഹനങ്ങൾ തെന്നി അപകടങ്ങളുണ്ടായതോടെ നാട്ടുകാർ വിവരം ദേശീയപാത അധികൃതരെ അറിയിച്ചു. മണ്ണ് മാറ്റുന്നതിന് പകരം തൊഴിലാളികൾ മണ്ണ് വശങ്ങളിൽ കൂനകൂട്ടി വയ്ക്കുകയാണ്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ വീണ്ടും മണ്ണ് റോഡിലേയ്ക്ക് പരക്കും. ഇത് വീണ്ടും അപകടത്തിന് കാരണമാകും. ഗുരുതരമായി പരിക്കേറ്റ പലർക്കും ഭാഗ്യം കൊണ്ട് മാത്രമാണ് ജീവൻ തിരികെ ലഭിച്ചത്.
പാലത്തിൽ അപകടങ്ങൾ വർദ്ധിച്ചിട്ടും ശാശ്വത പരിഹാരം കാണാൻ ദേശീയപാത അധികൃതർ തയ്യാറായിട്ടില്ല. അപകടം ഉണ്ടാകാത്ത ഒരു ദിവസം പോലും ഇവിടില്ലെന്നും നാട്ടുകാർ പറയുന്നു.
കെണിയൊരുക്കി മൺകൂനകൾ
ബൈപ്പാസ് ആറുവരിയാക്കാനുള്ള നിർമ്മാണം നടക്കുന്നതിനാൽ തെരുവ് വിളക്കിന്റെ കണക്ഷൻ വിച്ഛേദിച്ചു
രാത്രിയിൽ പാലം ഇരുട്ടിൽ
ഈ സമയം മൺകൂന പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല
വലിയ വാഹനങ്ങൾക്ക് സൈഡ് നൽകുമ്പോൾ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടും
പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ വെളിച്ചമാണ് ഏക ആശ്രയം
മഴ പെയ്യുന്നതോടെ മണ്ണിൽ തെന്നി പാലത്തിൽ അപകട തോത് വർദ്ധിക്കും
എത്രയും വേഗം പാലത്തിൽ നിന്ന് മൺകൂനകൾ മാറ്റണം. തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണം.
നാട്ടുകാർ