float
പടിഞ്ഞാറെ കല്ലടയിലെ ഫ്ലോട്ടിംഗ് സോളാർ പദ്ധതി പ്രദേശം

പടി. കല്ലട: ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ള പടിഞ്ഞാറെ കല്ലട ഫ്ലോട്ടിംഗ് സോളാർ പദ്ധതിയെ പ്രതിസന്ധിയിലാക്കിയ വൈദ്യുതി കൈമാറ്റ നിരക്ക് തർക്കത്തിന് തീർപ്പായി. ഫ്ലോട്ടിംഗ് സോളാർ പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി നിർവഹണ ഏജൻസിയായ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷന് (എൻ.എച്ച്.പി.സി) യൂണിറ്റിന് 3.04 രൂപ നൽകി വാങ്ങാൻ കെ.എസ്.ഇ.ബി ബോർഡ് യോഗം തീരുമാനിച്ചു.

ഒരു യൂണിറ്റ് വൈദ്യുതിക്ക് 3.18 രൂപ വേണമെന്നായിരുന്നു എൻ.എച്ച്.പി.സിയുടെ നിലപാട്. 2.45 രൂപയിൽ കൂടുതൽ നൽകാനാകില്ലെന്ന് കെ.എസ്.ഇ.ബിയും നിലപാടെടുത്തതോടെയാണ് പദ്ധതി പ്രതിസന്ധിയിലായത്. ഇതിനിടെ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി, കോവൂർ കുഞ്ഞുമോൻ എം.എൽ.എ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ കെ.എസ്.ഇ.ബി നിലപാടിൽ അയവ് വരുത്തുകയായിരുന്നു.

ചെളിയും മണലും കുഴിച്ചെടുത്ത് വെള്ളക്കെട്ടായ 350 ഏക്കറോളം സ്ഥലമാണ് 25 വർഷത്തെ പാട്ടക്കരാറിൽ എൻ.എച്ച്.പി.സി ഏറ്റെടുത്തിട്ടുള്ളത്. വെള്ളക്കെട്ടിന് മുകളിൽ ഫ്ലോട്ടും അതിന് മുകളിൽ സോളാർ പാനലും സ്ഥാപിച്ചാണ് വൈദ്യുതി ഉത്പാദനം. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭൂവുടമകളെ ഉൾപ്പെടുത്തി വെസ്റ്റ് കല്ലട നോൺ കൺവെൻഷണൽ എനർജി പ്രമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപീകരിച്ചാണ് പ്രവർത്തനം. കമ്പനിയിൽ കളക്ടർ, പഞ്ചായത്ത് പ്രസിഡന്റ്, കർഷക പ്രതിനിധി എന്നിവർ ഡയറക്ടർമാരാണ്.


നിരക്ക് കൈമാറ്റത്തർക്കം തീർപ്പായി

ഈ മാസം 1ന് ചേർന്ന കെ.എസ്.ഇ.ബി ബോർഡ് യോഗത്തിലാണ് നിരക്കിൽ ധാരണയായത്

 എട്ട് മാസത്തിനുള്ളിൽ സോളാർ പ്ലാന്റുകൾ പൂർണമായും സ്ഥാപിക്കും

 ഒരു വർഷത്തിനുള്ളിൽ വൈദ്യുതി കൈമാറ്റം ആരംഭിക്കും

 അതിനുള്ളിൽ താരിഫ് തീർപ്പാക്കാൻ കഴിയും

 സോളാർ പ്ലാന്റ് സ്ഥാപിക്കുന്നത് ഛത്തീസ്ഗഢ് ആസ്ഥാനമായുള്ള അപ്പോളോ കമ്പനി

 ലാഭവിഹിതം കർഷകർക്കും പഞ്ചായത്തിനും

ഒരു യൂണിറ്റിന് ₹ 3.04

................

പ്രതിദിന വൈദ്യുതി ഉത്പാദനം - 50 മെഗാവാട്ട്

ആകെ ഭൂമി - 350 ഏക്കർ
കർഷകരുടേത് - 250 ഏക്കർ
പഞ്ചായത്തിന്റേത് - 100 ഏക്കർ

പവർ പർച്ചേസ് എഗ്രിമെന്റിൽ കെ.എസ്.ഇ.ബിയും എൻ.എച്ച്.പി.സിയും ഒപ്പു വയ്ക്കേണ്ടതുണ്ട്. ഇത് ജോലികൾ തുടങ്ങുന്നതിന് തടസമല്ല.

കോവൂർ കുഞ്ഞുമോൻ എം.എൽ.എ