കരുനാഗപ്പള്ളി: മാർക്കറ്റിലെ ആലുംമുട്ടിലുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കളെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതി കരുനാഗപ്പള്ളി പട.വടക്ക് കുന്നേൽ പടിഞ്ഞാറേതറയിൽ സജിനെ(26) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 15ന് രാത്രിയിൽ കരുനാഗപ്പള്ളി ആലുംമൂട്ടിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ തൊടിയൂർ സ്വദേശികളായ യുവാക്കളെ സജിനും സംഘവും മാരകമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചിരുന്നു. കമ്പിപ്പാര ഉൾപ്പടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ചാണ് യുവാക്കളെ ആക്രമിച്ചത്. പ്രതികളായ പട.വടക്ക് ശ്രീലകത്തിൽ പ്രഭാത് (27) ,പട.വടക്ക് കുന്നേൽ പടിഞ്ഞാറേ തറയിൽ ബ്രിട്ടോ എന്ന് വിളിക്കുന്ന മുഹമ്മദ് സലിൽ (30) എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. എന്നാൽ മുഖ്യ പ്രതിയായ സജിൻ ഒളിവിൽ പോകുകയായിരുന്നു. പൊലീസ് ഇയാൾക്ക് വേണ്ടി അന്യ സംസ്ഥാനങ്ങളിൽ പോലും തെരച്ചിൽ നടത്തി. കഴിഞ്ഞ ദിവസം ഇയാൾ പുനലൂരിൽ നിന്ന് അന്വേഷണ സംഘത്തിന്റെ വലയിലാവുകയായിരുന്നു. കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻസ്‌പെക്ടർ മോഹിത്ത്, എസ്.ഐ മാരായ ജിഷ്ണു, ഷിജു, ഷാജിമോൻ, എ.എസ്.ഐ വേണുഗോപാൽ, എസ്.സി.പി.ഓ മാരായ ഹാഷിം, രാജീവ് കുമാർ, സി.പി.ഓ നൗഫൻജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.