കൊല്ലം: റോഡിലേയ്ക്ക് ചാഞ്ഞുകിടന്ന ഓലമടൽ വെട്ടിയിറക്കുന്നതിനിടെ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് നിലത്തേക്ക് തെറിച്ചുവീണ് മരിച്ചു. കൊല്ലം ശക്തികുളങ്ങര കലയ്ക്കാട്ട് പടിഞ്ഞാറ്റതിൽ രാജനാണ് (68) മരിച്ചത്. ഇന്നലെ രാവിലെ 10.45 ഓടെ ശക്തികുളങ്ങര മള്ളേഴുത്ത് ജംഗ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലായിരുന്നു അപകടം.
ഇരുമ്പ് വെട്ടുകത്തി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് തെങ്ങിനും മതിലിനും ഇടയിലേക്ക് വീഴുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ഉടൻ ഓട്ടോറിക്ഷയിൽ ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: മുരുകൻ, മണികണ്ഠൻ, മിനി. മരുമക്കൾ: സ്വപ്ന, ലക്ഷ്മി, അനിൽ.