photo
നെടുവത്തൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവനിൽ നിന്നും വിതരണം ചെയ്ത ബന്ദി തൈകൾ

11,000 തൈകൾ വിതരണം ചെയ്തു

100 കർഷകർ കൃഷി ചെയ്യും

2 മാസം കൊണ്ട് പൂവിടും

കൊട്ടാരക്കര: അത്തം പത്തിന് പൊന്നോണമെങ്കിൽ പത്ത് ദിനവും പൂക്കളം വേണം. ഇത്തവണ പൂക്കളമൊരുക്കാൻ നെടുവത്തൂരിന്റെ ബന്ദിപ്പൂക്കളുണ്ടാകും. 11,000 ബന്ദി ചെടികളുടെ തൈകളാണ് നെടുവത്തൂർ ഗ്രാമപഞ്ചായത്ത് വിതരണം ചെയ്തത്. തൈകൾ നട്ട് രണ്ട് മാസംകൊണ്ട് പൂർണ വളർച്ചയെത്തി പൂക്കൾ വിരിയും. സെപ്തംബർ 6ന് അത്തം തുടങ്ങും. അപ്പോഴേക്കും നിറയെ പൂക്കളുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. കുറിയ സങ്കരയിനം ചെടികളിൽ നിന്നായി തുടർച്ചയായി 2 മാസംവരെ പൂക്കൾ ലഭ്യമാകാറുണ്ട്. ഒരു സെന്റിൽ നിന്ന് നല്ല രീതിയിൽ പരിപാലിക്കുന്ന ബന്ദി കൃഷിയിൽ നിന്ന് 30 മുതൽ 40 കിലോവരെ പൂക്കൾ ലഭിക്കും. ആ നിലയിൽ ഈ വർഷം ഓണക്കാലത്ത് നെടുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി വേണ്ടുവോളം പൂക്കൾ വിപണിയിലുമെത്തും. മഞ്ഞ, ചുവപ്പ് നിറങ്ങളിലെ ബന്ദിപ്പൂക്കളുടെ തൈകളാണ് വിതരണം ചെയ്തിട്ടുള്ളത്.

ഒറ്റയ്ക്കും കൂട്ടായും കൃഷി

നെടുവത്തൂർ പഞ്ചായത്തിൽ വ്യാപകമായി ബന്ദി കൃഷി ചെയ്യുന്നത് ആദ്യമായാണ്. വീട്ടുമുറ്റങ്ങളിലൊക്കെ അലങ്കാര ചെടികളുടെ കൂട്ടത്തിൽ ബന്ദിയും ഇടം നേടിയിരുന്നെങ്കിലും ഇത്തവണ ഗ്രാപഞ്ചായത്തും കൃഷിഭവനും സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷനും ചേർന്ന് അതൊരു കൃഷിയാക്കി ചെയ്യാൻ പ്രേരിപ്പിക്കുകയാണ്. പതിവ് കർഷകർ മാത്രമല്ല തൈകൾ വാങ്ങിയത്. ഒറ്റയ്ക്കും കൂട്ടായും ബന്ദിത്തോട്ടമൊരുക്കാൻ ചെറുപ്പക്കാരും തയ്യാറായിട്ടുണ്ട്. 100 പേർക്ക് തൈകൾ വിതരണം ചെയ്തു.

വിതരണോദ്ഘാടനം

നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽ ബന്ദി തൈകളുടെ വിതണോദ്ഘാടനം പ്രസിഡന്റ് വി.കെ.ജ്യോതി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ.രാജശേഖരൻ പിള്ള, ആർ.എസ്.അജിതകുമാരി, സന്തോഷ് കുമാർ, എം.സി.രമണി, കൃഷി ഓഫീസർ സാജൻ തോമസ്, അസി.കൃഷി ഓഫീസർ രാജേഷ് ചന്ദ്രൻ, എ.അജയ്, ജഗദീഷ് ശങ്കർ, വി.രജനി, പ്രീത കുമാരി എന്നിവർ പങ്കെടുത്തു.