കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള സർവീസ് കെട്ടിടത്തിന്റെ നിർമ്മാണം അതിവേഗം പൂർത്തിയായി. ഫാൾസ് സീലിംഗ് ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്.
കോടതി, ആർ.പി.എഫ് ഓഫീസ്, എസ്.എസ്.ഇ ഇലക്ട്രിക്കൽ, എസ്.എസ്.ഇ സിഗ്നൽ, എസ്.എസ്.ഇ ടെലികമ്മ്യുണിക്കേഷൻ വിഭാഗങ്ങളാണ് ഇവിടെ പ്രവർത്തിക്കുക. ഒഴിവുള്ള കെട്ടിടങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
അഞ്ച് ഘട്ടങ്ങളായി പണി പൂർത്തിയാക്കുന്ന തെക്ക് ഭാഗത്തെ ടെർമിനലിന്റെ ആദ്യഘട്ടത്തിലെ ഒരു ഫ്ലോർ പൂർത്തിയായി. രണ്ടാമത്തെ ഫ്ലോറിന്റെ കോൺക്രീറ്ര് ജോലികൾ പുരോഗമിക്കുന്നു. 55,000 ചതുരശ്രയടിയിൽ അഞ്ച് നിലകളാണുള്ളത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള എയർ കോൺകോഴ്സിന്റെ പൈലിംഗും പൈൽ ക്യാപും പൂർത്തിയായി. നിലവിൽ തൂണുകൾ സ്ഥാപിക്കുകയാണ്. വിമാനത്താവളങ്ങൾക്ക് സമാനമായ സൗകര്യങ്ങളാണ് എയർ കോൺകോഴ്‌സിൽ ഒരുക്കുന്നത്. 36 മീറ്റർ വീതിയിൽ രണ്ട് ടെർമിനലുകളെയും എല്ലാ പ്ലാറ്റ് ഫോമുകളെയും ബന്ധിപ്പിക്കുന്നതാണ് എയർ കോൺകോഴ്‌സ്.
നാല് വീതം എസ്‌കലേറ്ററുകളും ലിഫ്ടുകളും സ്ഥാപിക്കും. യാത്രക്കാർക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും പ്രത്യേക വഴികൾ, ഫുഡ്കോർട്ട്, എ.ടി.എം, മാളുകൾ എന്നിവയും ഉണ്ടാകും.
പാഴ്സൽ ബിൽഡിംഗിന്റെ പൈലിംഗ് പൂർത്തിയായി. ഗാംഗ് റൂം, സീനിയർ സെക്ഷൻ എൻജിനിയർ ഓഫീസ് കെട്ടിടം എന്നിവ നേരത്തെ പൂർത്തീകരിച്ചു. റെയിൽവേ ഇൻഫ്രാസ്ട്രക്ചർ ടെക്നിക്കൽ എൻജിനിയറിംഗും (റൈറ്റ്സ്) ബംഗുളൂരു ആസ്ഥാനമായ സിദ്ധാർത്ഥ സിവിൽ വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ് നിർമ്മാണം നടത്തുന്നത്.
സർവീസ് കെട്ടിടം - 3 നിലകൾ
വിസ്തീർണം - 27,500 ചതുരശ്ര അടി
...................
എം.എൽ.സി.പിയും വേഗത്തിൽ
പ്രധാന റോഡിനോട് ചേർന്ന് മൾട്ടി ലെവൽ കാർ പാർക്കിംഗ് (എം.എൽ.സി.പി) സംവിധാനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. അരഭിത്തിയുടെ കോൺക്രീറ്റിംഗാണ് നടക്കുന്നത്. അഞ്ച് നിലകളുള്ള എം.എൽ.സി.പിയിൽ ഒരേ സമയം 239 ബൈക്കുകളും 150 കാറുകളും പാർക്ക് ചെയ്യാം.
ആകെ ചെലവ് ₹ 361.18 കോടി
കരാർ നൽകിയത് - 2022ൽ
നിർമ്മാണം പൂർത്തിയാക്കേണ്ടത് - 2026 ജനുവരി 21ന്
കാലാവധിക്ക് മുന്നേ 2025 നവംബറോടെ നിർമ്മാണം പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നത്. 2041 വരെ ലക്ഷ്യമിട്ടുള്ളതാണ് വികസന പദ്ധതി.
റെയിൽവേ അധികൃതർ