കൊല്ലം: ആലപ്പുഴ ലോക് സഭാ മണ്ഡല പരിധിയിലെ ദേശീയപാതയുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങൾ പഠിക്കാനും പരിഹരിക്കാനുമായി ദേശീയപാത അതോറിറ്റി അംഗം വെങ്കിട്ട രമണയെ ഡൽഹിയിൽ നടന്ന ചർച്ചയിൽ മന്ത്രി ചുമതലപ്പെടുത്തിയതായി കെ.സി.വേണുഗോപാൽ എം.പി അറിയിച്ചു. അരൂർ - തുറവൂർ, ചേർത്തല, അമ്പലപ്പുഴ, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ പരാതികൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി നിർദ്ദേശിച്ചു. കായംകുളം നഗരത്തെ കീറിമുറിച്ചുള്ള ഉയരപാതാ നിർമ്മാണം അംഗീകരിക്കില്ല, കരുനാഗപ്പള്ളയിൽ നിർമ്മിക്കുന്ന ഉയരപാതയുടെ നീളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷൻ വരെ നീട്ടുക, അമ്പലപ്പുഴയിൽ പില്ലർ എലിവേറ്റഡ് ഉയരപാത, ചേർത്തല അർത്തുങ്കൽ ജംഗ്ഷൻ വരെ നിർമ്മിക്കുന്ന ഉയരപാത ആഹ്വാനം ജംഗ്ഷൻ വരെ നീട്ടുക, മതിലകം ആശുപത്രി ജംഗ്ഷനിൽ ഫുട് ഓവർ ബ്രിഡ്ജ്, ചേർത്തല ആഹ്വാനം ജംഗ്ഷനിലും വല്ലയിൽ ഭാഗം, വവ്വാക്കാവ്, ഓച്ചിറ എന്നിവിടങ്ങളിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ അടിപ്പാത നിർമ്മിക്കുക എന്നീ ആവശ്യങ്ങളും എം.പി ഉന്നയിച്ചു.