കൊല്ലം: ദേശീയപാത 66 ആറുവരി വികസനത്തിന്റെ ഭാഗമായി ഇടപ്പള്ളിക്കോട്ട, വേട്ടുതറ എന്നിവിടങ്ങളിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി ദേശീയപാത അതോറിറ്റി ഒഫ് ഇന്ത്യ ചെയർമാനുമായും അംഗങ്ങളുമായി ചർച്ച നടത്തി.
കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയിൽ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥതല ചർച്ച നടത്തിയത്. പന്മന ആശ്രമം, സംസ്കൃത സർവകലാശാല സെന്റർ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിരവധി ആരാധനാലയങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, ജനനിബിഡമായ പ്രദേശം എന്നിവ കണക്കിലെടുത്ത് ഇടപ്പള്ളിക്കോട്ടയിൽ അടിപ്പാത നിർമ്മിച്ചില്ലെങ്കിൽ ഉണ്ടാകുന്ന അസൗകര്യങ്ങൾ എം.പി ബോദ്ധ്യപ്പെടുത്തി. വേട്ടുതറയിലെ ബുദ്ധിമുട്ടുകളും ചർച്ചയിൽ ഉന്നയിച്ചു. നീണ്ടകരയിലെ അടിപ്പാതയും സർവീസ് റോഡും അശാസ്ത്രീയമാണ്. ഭാരം കൂടിയ വാഹനങ്ങൾ കടന്നുപോകില്ലെന്നും എം.പി ബോദ്ധ്യപ്പെടുത്തി. നിർദ്ദേശങ്ങൾ വീണ്ടും പരിശോധിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതായി എം.പി അറിയിച്ചു.