photo
ബൈക്ക് അപകടത്തിൽ കൈകാലുകൾ തളർന്ന് കിടപ്പിലായിരുന്ന കരവാളൂർ സ്വദേശി ജയനെ അരുണോദയം അമ്മ വീട് ഭാരവാഹികൾക്ക് സ്നേഹ ഭാരത് മിഷൻ ഇന്റ‌ർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ കൈമാറുന്നു

പുനലൂർ: ബൈക്ക് അപകടത്തിൽ കൈകാലുകൾ തളർന്ന് കിടപ്പിലായിരുന്ന ഗൃഹനാഥനെ കിടങ്ങന്നൂർ കരുണോദയം അമ്മവീട് ഭാരവാഹികൾ ഏറ്റെടുത്തു. കരവളൂർ പഞ്ചായത്തിലെ കുഞ്ഞാണ്ടിമുക്ക് അംബേദ്ക്കർ കോളനിയിൽ ജയനെ(55)ആണ് തുടർ ചികിത്സകൾക്കായി ഏറ്റെടുത്തത്. പിതാവ് കിടപ്പിലായതോടെ രണ്ട് ആൺ മക്കൾ പാറ പണി ചെയ്തായിരുന്നു കുടുംബം പുലർത്തിയിരുന്നത്. ഇതിനൊപ്പം ജീവകരുണ്യ സംഘടനയായ സ്നേഹ ഭരത് മിഷൻ ഇന്റർ നാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജയനെ സംരക്ഷിച്ച് വരികയായിരുന്നു. ഇതിനിടെ ട്രസ്റ്റ് ഭാരവാഹികൾ അരുണോദയം, അമ്മ വീട് ഭാരവാഹികളുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് ചെയർമാൻ അബ്ദുൽ അസീസിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ ഇന്നലെ വീട്ടിലെത്തി ജയനെ ഏറ്റെടുത്തത്. സ്നേഹ ഭാരത് മിഷൻ ഇന്റർ നാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അഡ്വ.എസ്.ഇ.സഞ്ജയ്ഖാൻ, കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് ലതിക രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് യോഹന്നാൻകുട്ടി,ജീവകാരുണ്യ സഹായ സമിതി ചെയർമാൻ എസ്.സുബിരാജ്, സെക്രട്ടറി സി.എസ്.ബഷീർ, ട്രസ്റ്റ് ജനറൽ സെക്രട്ടറി വത്സല,രാജശേഖരൻ, കൊടിയിൽ മുരളി, അനിതകുമാരി,കുട്ടിയമ്മ, ബാബുരാജ്, രാജൻസായ്,ഷാജിത സഞ്ജയ് തുടങ്ങിയവർ ചേർന്നാണ് ജയനെ കരുണോദയം അമ്മവീട് ഭാരവാഹികൾക്ക് കൈമാറിയത്.