കൊല്ലം: എൻ.സി.സി ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സ് തേവള്ളിയിൽ നില നിറുത്തണമെന്ന് കേരളാ സ്റ്റേറ്റ് എക്സ‌് സർവീസസ് ലീഗ് ജില്ലാ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ കോളേജുകളിലായി ഇരുപത്തയ്യായിരത്തോളം കുട്ടികളുടെയും എക്‌സ്-കേഡറ്റുകളുടെയും വിവിധ ഗ്രേസ് മാർക്ക് സർട്ടിഫിക്കറ്റുകളും, എൻ.സി.സി സർട്ടിഫിക്കറ്റുകളും തയ്യാറാക്കുന്നത് കൊല്ലത്തെ ആസ്ഥാന ഓഫീസിലാണ്. കൂടാതെ വിവിധ പരീക്ഷകളുടെ നടത്തിപ്പ്, റിസൾട്ട്, ദേശീയ ക്യാമ്പുകളുടെ സാരഥ്യം, കേഡറ്റ് തിരഞ്ഞെടുപ്പ്, വിവിധ സ്കോളർഷിപ്പുകൾക്ക് വേണ്ടിയുള്ള ഇന്റർവ്യൂ, എൻ.സി.സി ചുമതലയുള്ള അദ്ധ്യാപക ഇന്റർവ്യൂ, നിയമനം, എന്നിവ ഗ്രൂപ്പ് ഹെഡ്‌ക്വാർട്ടേഴ്സിന്റെ കീഴിലാണ്. ജില്ലയ്ക്ക് പുറത്തേക്ക് ആസ്ഥാന മന്ദിരം മാറ്റുമ്പോൾ യാത്രാ ബുദ്ധിമുട്ട് വർദ്ധിക്കും. ജില്ലയിലെ വിമുക്ത സൈനികർക്ക് ജോലിയും നഷ്ടപ്പെടും. സർക്കാർ നടപടിക്കെതിരെ ഇന്ന് രാവിലെ 10ന് എൻ.സി.സി ഗ്രൂപ്പ് ഹെഡ്ക്വാട്ടേഴ്സിന് മുന്നിൽ പ്രതിഷേധ സമ്മേളനം നടത്തും.