തൊടിയൂർ: നിർണായക പ്രാധാന്യമുള്ള തൊടിയൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ ഉപതിരഞ്ഞെടുപ്പ് 30 ന് നടക്കും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 11. സുക്ഷ്മ പരിശോധന 12ന്. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള തീയതി 15. പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന സലിം മണ്ണേലിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. 23 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും നിലവിൽ 11 അംഗങ്ങൾ വീതമാണുള്ളത്. സി.പി.ഐയിലെ ബിന്ദു രാമചന്ദ്രൻ പ്രസിഡന്റും കോൺഗ്രസിലെ തൊടിയൂർ വിജയൻ വൈസ് പ്രസിഡന്റുമാണ്. ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ചാൽ ഭരണം നിലനിറുത്താനും വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തൊടിയൂർ വിജയനെ ഒഴിവാക്കാനും കഴിയും. യു.ഡി.എഫാണ് വിജയിക്കുന്നതെങ്കിൽ ഇടതുപക്ഷത്തിന് ഭരണം നഷ്ടമാകും. എസ്.ഡി പി.ഐ വിജയിച്ചാൽ ഇരു മുന്നണികളും ത്രിശങ്കുവിലാകും. സലീം മണ്ണേലിന്റെ സഹോദരൻ നജീബ് മണ്ണേലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ജബ്ബാർ വെട്ടത്തയ്യത്ത് (സി.പി.എം), നാസർ കുരുടന്റയ്യത്ത് (എസ്.ഡി.പി.ഐ) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.