കൊല്ലം: കഞ്ചാവുമായി യുവാവ് പിടിയിൽ. കിളികൊല്ലൂർ കൊപ്പാറ മുക്കിന് സമീപം ഗോകുൽ ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന അക്ബർ ഷായാണ് (39) കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. 2.800 കിലോ കഞ്ചാവാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്.
കഞ്ചാവ് വിറ്റ് കിട്ടിയ 14,000 രൂപയും ഇയാളിൽ നിന്ന് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയോടെ അക്ബർ ഷായുടെ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വിൽപനയ്ക്കായി ഇതര സംസ്ഥാനത്തിൽ നിന്ന് എത്തിച്ച കഞ്ചാവാണു പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഇലക്ട്രോണിക്സ് ത്രാസ്, ചെറിയ പ്ലാസ്റ്റിക് കവറുകൾ എന്നിവയും കണ്ടെടുത്തു. കിളികൊല്ലൂർ ഇൻസ്പെക്ടർ ഷാനിഫ്, എസ്.ഐമാരായ വൈശാഖ്, സന്തോഷ് കുമാർ, എസ്.സി.പി.ഒ ഷൺമുഖദാസ്, ഡബ്ല്യു.സി.പി.ഒ അനിത, സി.പി.ഒ സാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.