തൃക്കോവിൽവട്ടം: ജില്ലയുടെ നെല്ലറയെന്ന് വിളിപ്പേരുള്ള പെരുങ്കുളം ഏല വരൾച്ചയും പെരുമഴയും സൃഷ്‌ടിച്ച കെടുതികളിൽ നട്ടംതിരിയുന്നു. വേനൽ മഴയ്‌ക്ക് മുമ്പുണ്ടായ രൂക്ഷമായ വരൾച്ചയിൽ മേഖലയിലെ കരക്കൃഷിക്കും വ്യാപകമായ നാശം സംഭവിച്ചു.
വാഴ, ചേമ്പ്, ചേന എന്നിവയും വിവിധയിനം പച്ചക്കറികളും വാടിക്കരിഞ്ഞു. കണിയാംതോടിന് സമീപം വെട്ടിത്തലത്താഴം രണ്ടാം നമ്പർ പാടശേഖരസമിതിയുടെ 10 ഹെക്‌ടറിലെ, ഒന്നര മാസത്തോളം വളർച്ചയെത്തിയ നെൽച്ചെടികൾ വേനൽ മഴയ്ക്കും തുടർന്ന് പെയ്‌ത കാലവർഷത്തിലും വെള്ളം കെട്ടിനിന്ന് അഴുകി. ഏകദേശം 50 ഹെക്‌ടർ വിസ്‌തീർണമുള്ള ഏലായിൽ 40 ഹെക്‌ടറോളം തരിശായിരുന്നു.
നെൽകൃഷി നശിച്ചതിലൂടെ ഏകദേശം 7 ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൃഷി വകുപ്പിൽ നിന്ന് പൂർണ സബ്‌സിഡി ഇനത്തിൽ ലഭിച്ച 900 കിലോ വിത്ത് വിതച്ചാണ് പാടശേഖര സമിതി കൃഷിയിറക്കിയത്. സമിതിക്ക് സ്വന്തമായി ട്രാക്‌ടർ ഉള്ളതിനാൽ നഷ്‌ടം ഭീമമായില്ല. വരൾച്ചയുടെയും വെള്ളപ്പൊക്കത്തിന്റെയും നഷ്‌ടം പ്രത്യേകം റിപ്പോർട്ടാക്കി കൃഷി വകുപ്പ് അധികൃതർ മേലധികാരികൾക്ക് സമർപ്പിച്ചു.
കണിയാംതോട് മുതൽ അയത്തിൽ, കിളികൊല്ലൂർ വഴി മങ്ങാട് കായലിൽ പതിക്കുന്ന തോടിന്റെ ഒഴുക്ക് സുഗമമാക്കൽ ജലസേചന വകുപ്പ് ഉടൻ പൂർത്തിയാക്കണം. തോട്ടിൽ ഒഴുക്ക് നിലച്ചതിനെ തുടർന്നാണ് വെള്ളം പാടത്തേക്കെത്തിയത്. കൂടാതെ കണിയാംതോട്- പ്ലാവിള റോഡ് സഞ്ചാരയോഗ്യമാക്കണം. ട്രാക്‌ടറുകൾക്ക് വയലിലെത്താൻ വഴി സുഗമമാക്കേണ്ടത് അനിവാര്യമാണ്
കെ. സുധാകരൻ,
വെട്ടിലത്താഴം രണ്ടാംനമ്പർ പാടശേഖര സമിതി ട്രഷറർ
.........................................
വരൾച്ചയെ തുടർന്ന് കൃഷിനാശം സംഭവിച്ച 50 കർഷകർക്ക് നഷ്‌ടപരിഹാരത്തിനുള്ള റിപ്പോർട്ട് മുകളിലേക്ക് അയച്ചിട്ടുണ്ട്. വെള്ളപ്പൊക്കം മൂലം നഷ്‌ടം സംഭവിച്ച 10 കർഷകർക്കുള്ള നഷ്‌ടപരിഹാരത്തിനും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ കൃഷി നശിച്ച അഞ്ച് കർഷകരുടെ റിപ്പോർട്ട് അയയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്
കൃഷി ഓഫീസർ,
തൃക്കോവിൽവട്ടം.