hospital

കൊല്ലം: കിടക്കകൾ ഒഴിഞ്ഞുകിടന്നിട്ടും പനി മൂർച്ഛിച്ച് എത്തുന്നവർക്ക് പോലും ജില്ലാ ആശുപത്രിയിൽ കിടത്തി ചികിത്സ നിഷേധിക്കുന്നുവെന്ന് പരാതി. രോഗികൾ ജനപ്രതിനിധികളെ അടക്കം വിളിച്ച് സമ്മർദ്ദം ചെലുത്തുമ്പോൾ മാത്രമാണ് കിടക്ക അനുവദിക്കുന്നത്.

പനി ബാധിച്ചെത്തുന്നവരെ മെഡിസിൻ വാർഡിലാണ് പ്രവേശിപ്പിക്കുന്നത്. സ്ത്രീകളുടെ മെഡിസിൻ വാർഡിൽ 36 കിടക്കകളുണ്ടെങ്കിലും 29 പേരെ ചികിത്സയിലുള്ളു. പുരുഷന്മാരുടെ വാർഡിലെ 60 കിടക്കകളിൽ 48 പേരേ ഉള്ളു. ഇന്നലെ പനി മൂർച്ഛിച്ച് എത്തിയയാൾക്ക് ഡോക്ടർ കിടത്തിചികിത്സ നിർദ്ദേശിച്ചു. വാർഡിലെത്തിയപ്പോൾ കിടക്കയില്ലെന്ന് പറഞ്ഞ് മടക്കിഅയച്ചു. ഡോക്ടറെ വീണ്ടും സമീച്ചതോടെ ഐ.സി.യുവിൽ താത്കാലിക സൗകര്യം ഒരുക്കി നൽകി.

ഡെങ്കിപ്പനി ഉൾപ്പടെയുള്ള പകർച്ചാവ്യാധി വ്യാപനം ശക്തമായതോടെ ഒ.പിയിലെത്തുന്ന രോഗികളുടെ എണ്ണം ഇരട്ടിയോളമായി. ഞായറാഴ്ചകളിൽ മാത്രമാണ് താരതമ്യേന രോഗികളുടെ എണ്ണം കുറയുന്നത്.

പരിചരിക്കാൻ നഴ്സുമാർ കുറവ്

 വാർഡുകളിൽ കിടക്കകൾക്ക് ആനുപാതികമായി നഴ്സുമാരില്ല

 രോഗികളുടെ എണ്ണം ഉയരുമ്പോൾ നഴ്സുമാർക്ക് അമിത ജോലിഭാരം

 ജില്ലാ പഞ്ചായത്തിന്റെ 'മലാഖക്കൂട്ടം' നഴ്സുമാർ വലിയ ആശ്വാസമായിരുന്നു

 കാലാവധി കഴിഞ്ഞ് പിരിച്ചുവിട്ടതോടെ പകരം നിയമനം നടന്നില്ല

ഡോക്ടർമാരുമില്ല

 മെഡിസിൻ ഒ.പിയിൽ ഡോക്ടർമാർ കുറവ്

 മെഡിസിൻ ഒ.പിയിലെ ഒരു ജൂനിയർ കൺസൾട്ടന്റിനെ ന്യൂറോളജി ഒ.പിയിലേക്ക് മാറ്റി

 മെഡിസിൻ വിഭാഗത്തെ സഹായിച്ചിരുന്ന ഒരു ജെറിയാട്രിക് കൺസൾട്ടന്റിനെ പ്രാഥമികാരോഗ്യത്തിലേക്ക് മാറ്റി

 ഇദ്ദേഹത്തിന്റെ ഹാജർ ജില്ലാ ആശുപത്രിയിലും സേവനം പ്രാഥമികാരോഗ്യകേന്ദ്രത്തിലുമാണ്

ദിവസം ഒ.പിയിൽ എത്തുന്നത് - 3000 ഓളം രോഗികൾ

പ്രതിരോധ പ്രവർത്തനങ്ങളിലെ താളപ്പിഴയാണ് പകർച്ചവ്യാധി വ്യാപനത്തിന് കാരണം. ഫോഗിംഗ് ഉൾപ്പെടെയുള്ള നടപടികളും പാളി.

ആരോഗ്യവിദഗ്ദ്ധർ