കരുനാഗപ്പള്ളി: സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്ക് 14 മാസത്തെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും കുടിശ്ശിക. 60 വയസ് കഴിഞ്ഞ അംഗങ്ങൾക്ക് പ്രതിമാസം 1600 രൂപയാണ് പെൻഷൻ. കുടുംബ പെൻഷനും സാന്ത്വന സഹായങ്ങളും വേറെ.
മാസം 50 രൂപ വീതം ക്ഷേമനിധിയിൽ അടച്ച 26,144 പേരാണ് പെൻഷനു വേണ്ടി കാത്തിരിക്കുന്നത്.
കൊവിഡ് കാലയളവിൽ ക്ഷേമനിധി അംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച 1000 രൂപ ഇതുവരെ എല്ലാവർക്കും കിട്ടിയിട്ടില്ല. മരണാനന്തര ധനസഹായം, ചികിത്സാസഹായം, വിവാഹ ധനസഹായം, വിദ്യാഭ്യാസ സ്കോളർഷിപ്പ്, പ്രസവാനുകൂല്യം എന്നിവയുൾപ്പെടെയാണ് കുടിശ്ശികയായത്. ഇവയെല്ലാം തീർക്കാൻ വേണ്ടത് 1114.83 കോടി.
പെൻഷന് വേണ്ടി പുതുതായി അപേക്ഷ നൽകിയ 34,884 തൊഴിലാളികൾക്ക് നൽകാനുള്ള തുക ഈ കണക്കിൽ പെടില്ല. ജീവനക്കാരുടെ എണ്ണത്തിലും വലിയ വർദ്ധനവാണുള്ളത്. ഹെഡ് ഓഫീസിലും 14 ജില്ലാ ഓഫീസുകളിലുമായി സർക്കാർ അനുവദിച്ചിട്ടുള്ളത് 192 ജീവനക്കാരെയാണ്. എന്നാൽ നിലവിൽ 416 പേർ ബോർഡിൽ ജോലി ചെയ്യുന്നുണ്ട്. 224 ജീവനക്കാർ അധികം. നിർമ്മാണ തൊഴിലാളികൾ മാസം അടയ്ക്കുന്ന അംശാദായം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബോർഡാണ് ഇവർക്കെല്ലാം ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകേണ്ടത്.
35 വർഷം മുമ്പാണ് കേരളത്തിൽ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് പ്രവർത്തനം ആരംഭിച്ചത്. 20.73 ലക്ഷം തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 9.23 ലക്ഷം പേർ നിലവിൽ അംശാദായം അടയ്ക്കുന്നു.
ഗുരുതര സാമ്പത്തിക പ്രതിസന്ധി
ജീവനക്കാരുടെ എണ്ണം വദ്ധിച്ചു
എൽ.ഡി.എഫ് - യു.ഡി.എഫ് സർക്കാരുകളെടുത്ത വായ്പകൾ തിരിച്ചടച്ചില്ല
ഇതോടെ പഴയ തൊഴിലാളികൾ അംശാദായം അടയ്ക്കുന്നില്ല
പുതിയ തൊഴിലാളികൾ ക്ഷേമനിധിയിലേയ്ക്ക് വരുന്നില്ല
വീട് വയ്ക്കുന്നവർ ക്ഷേമനിധി സെസ് അടയ്ക്കുന്നില്ല
കടം
എൽ.ഡി.എഫ് സർക്കാർ ₹ 450 കോടി
യു.ഡി.എഫ് സർക്കാർ ₹ 100 കോടി
പ്രവർത്തനം പ്രതിസന്ധിയിലായതോടെ തൊഴിലാളികൾ ക്ഷേമനിധി ഉപേക്ഷിക്കുകയാണ്. ക്ഷേമനിധി ബോർഡും സർക്കാരും നിർമ്മാണ തൊഴിലാളികളോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ തൊഴിലാളികളുടെ ശക്തമായ സമരം സംഘടിപ്പിക്കും
ആർ. ദേവരാജൻ, സംസ്ഥാന സെക്രട്ടറി
ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി)