കൊല്ലം: കഥാപ്രസംഗ രംഗത്ത് പകരം വയ്ക്കപ്പെടാത്തയാളാണ് വി.സാംബശിവനെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ പറഞ്ഞു. സാംബശിവൻ മെമ്മോറിയൽ ഇന്റർനാഷണൽ കൾച്ചറൽ അസോസിയേഷന്റെ (സ്മിക്ക) ഒന്നാം വാർഷികവും വി.സാംബശിവന്റെ 95-ാം ജന്മദിനാഘോഷവും 'സ്‌മിക്ക'യുടെ കൊല്ലം യൂണിറ്റ് രൂപീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാഗത സംഘം പ്രസിഡന്റ് പി.നാസിമുദ്ദീൻ അദ്ധ്യക്ഷനായി. കലാപ്രതിഭ പുരസ്‌കാര ജേതാവ് കൈതാരം വിനോദ് കുമാറിനെ ആദരിച്ചു. അഥീന അശോക്, ഇന്ദു.ജെ.എസ് തലവൂർ എന്നിവർക്ക് 'സ്‌മിക്ക'യുടെ യുവ കാഥിക പ്രതിഭാ പുരസ്കാരങ്ങൾ സമ്മാനിച്ചു. പ്രൊഫ. വി.ഹർഷകുമാർ, അഡ്വ. കെ.പി.സജിനാഥ്, മധു പരവൂർ എന്നിവർ സംസാരിച്ചു. പ്രൊഫ. ചിറക്കര സലിം കുമാർ 'സാംബശിവൻ കഥകളുടെ രാജശില്പി' എന്ന കഥാപ്രസംഗം അവതരിപ്പിച്ചു. സെക്രട്ടറി കെ.പ്രസാദ് സ്വാഗതവും ട്രഷറർ ജെ.ലാലേന്ദ്രൻ നന്ദിയും പറഞ്ഞു.