കൊല്ലം: കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പൽ ഡോ.സുനിൻ ഭാസ്‌കറിന് നേരെയുണ്ടായ എസ്.എഫ്.ഐ ആക്രമണത്തിൽ കേരള അൺ എയ്‌ഡഡ് കോളേജ് പ്രിൻസിപ്പൽസ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ചേർന്ന പ്രിൻസിപ്പൽമാരുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും യോഗം ശക്തമായ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും പ്രിൻസിപ്പലിന് പൊലീസ് സംരക്ഷണം നൽകണമെന്നും കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങളുടെ ശോഭ കെടുത്തുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നിയമനിർമ്മാണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വ്യാപകമായി അൺ എയ്‌ഡഡ് കോളേജ് പ്രിൻസിപ്പൽമാർ 8ന് കറുത്ത ബാഡ്‌ജ് ധരിച്ച് പ്രതിഷേധിക്കും. കൗൺസിൽ പ്രസിഡന്റ് മേജർ ഇബ്രാഹിം അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോ.സി.പി.ബാബു, ഡോ.ടി.പി.അഹമ്മദ്, ഡോ.എം.ഉസ്‌മാൻ, ഫാ.ജോയ്, ഡോ.വി.അനിൽ, സിസ്റ്റർ ഷൈനി, ഡോ.ഷബീർ, ഡോ.നിധിൻ, ഡോ.അബ്‌ദുൽ സമദ്, ഡോ.അനിത ശങ്കർ, ഡോ.മഹീൻ തുടങ്ങിയവർ സംസാരിച്ചു.