കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വായന വാരാചരണത്തിന്റെ ഭാഗമായി അക്ഷരായനം പരിപാടി സംഘടിപ്പിച്ചു. കേരള സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ.എ.ജി.ഒലീന പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് സാഹിത്യ ചരിത്ര ഗവേഷകൻ ഡോ.വള്ളിക്കാവ് മോഹൻ ദാസിനെ ആദരിക്കുകയും അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തു. പുസ്തകപ്രദർശനം ജില്ലാ ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് അംഗം വി.പി.ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു. നവോത്ഥാന നായകൻ സി.എസ്.സുബ്രഹ്മണ്യൻ പോറ്റി, ഡോ.വേലുക്കുട്ടി അരയൻ തുടങ്ങിയവരുടെ ജീവചരിത്ര കൃതികൾ ഉൾപ്പെടെ വള്ളിക്കാവ് മോഹൻ ദാസ് എഴുതിയ 55 ഓളം കൃതികളുടെ പ്രദർശനമാണ് നടന്നത്. വള്ളിക്കാവ് മോഹൻദാസിനുള്ള സ്കൂൾ വായന കൂട്ടത്തിന്റെ ഉപഹാരം സ്കൂൾ മാനേജർ എൽ.ശ്രീലത കൈമാറി. മുൻ ചിത്രകലാ അദ്ധ്യാപകൻ രാജേന്ദ്രന്റെ കുടുംബാംഗങ്ങൾ സ്കൂൾ ലൈബ്രറിക്ക് കൈമാറിയ പതിനായിരം രൂപയുടെ പുസ്തകങ്ങൾ മകൾ ജീദിയിൽ നിന്ന് ജെ.പി.ജയലാൽ ഏറ്റുവാങ്ങി. സാഹിത്യ ക്വിസിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ക്ലാപ്പന സുരേഷ് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ടി. സരിത സ്വാഗതവും കെ.പി.അനിതകുമാരി നന്ദിയും പറഞ്ഞു.