mos

കൊല്ലം: ഡെങ്കിപ്പനിക്കും എലിപ്പനിക്കും പിന്നാലെ ജില്ലയെ വിറപ്പിച്ച് മലമ്പനിയും (മലേറിയ). കഴിഞ്ഞമാസം കെ.എസ് പുരം, പാലത്തറ, മൈനാഗപ്പള്ളി, മൈലം എന്നിവിടങ്ങളിൽ നാലുപേർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. ഈ വർഷം ജൂൺ 30 വരെ 13 പേർക്കാണ് രോഗം ബാധിച്ചത്.

കൊതുകുജന്യ രോഗങ്ങളിൽ ഉൾപ്പെട്ട മലമ്പനി ജനുവരി മുതൽ ജില്ലയിൽ സ്ഥിരീകരിച്ചിരുന്നു. അനോഫിലസ് വിഭാഗത്തിലെ പെൺ കൊതുകുകളാണ് രോഗം പരത്തുന്നത്. പ്ലാസ്‌മോഡിയം, പ്ളാസ്‌മോഡിയം വൈവാക്സ്, പ്ലാസ്‌മോഡിയം ഫ്ളാസിപാരം, പ്ലാസ്‌മോഡിയം മലേറിയ എന്നീ ഏകകോശ ജീവികളാണ് രോഗത്തിന് കാരണമാകുന്നത്.

രാത്രിസമയത്താണ് രോഗസംക്രമണം. രോഗബാധയുള്ളയാളുടെ രക്തം സ്വീകരിക്കുന്നതിലൂടെയും രോഗം പകരാം. കൊതുകിന്റെ ഉമിനീർ ഗ്രന്ഥികൾ വഴി മലമ്പനി രോഗാണുക്കൾ മനുഷ്യ ശരീരത്തിൽ കടക്കും. തുടർന്ന് കരളിൽ പ്രവേശിക്കുന്ന രോഗാണുക്കൾ ഒരാഴ്ചയ്ക്കുശേഷം ലക്ഷണങ്ങൾ പ്രകടമാക്കും. സർക്കാർ ആശുപത്രികളിൽ മലമ്പനിക്ക് സമ്പൂർണ ചികിത്സയും പരിശോധനകളും തികച്ചും സൗജന്യമാണ്.


കുഞ്ഞനെങ്കിലും വില്ലൻ കൊതുക്

 ശുദ്ധജലത്തിൽ മുട്ടയിട്ട് വളരുന്നവയാണിത്

 വീടിനുള്ളിലും പരസരങ്ങളിലും വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക

 ശരീരം മൂടുന്ന തരത്തിൽ വസ്ത്രം ധരിക്കുക
 രാത്രികാലങ്ങളിൽ കൊതുക് വല ഉപയോഗിക്കുക

ലക്ഷണം

 തലവേദനയും പേശി വേദനയുമാണ് പ്രാരംഭ ലക്ഷണം

 ശക്തമായ പനിയും കുളിരും ദിവസേനയോ, ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ, മൂന്നുദിവസം കൂടുമ്പോഴോ ആവർത്തിക്കും

 മനംപുരട്ടൽ, ഛർദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം

 പനി, ശക്തമായ തലവേദന എന്നിവ മാത്രമായും കാണാം

ഈ വർഷം ഇതുവരെ

ജനുവരി-1

ഫെബ്രുവരി-0

മാർച്ച്-2

ഏപ്രിൽ-2

മേയ്-4

ജൂൺ-4

കൊതുകുകടി ഏൽക്കാതിരിക്കാൻ സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുകയാണ് പ്രധാനം.

ആരോഗ്യവിദഗ്ദ്ധർ