അഞ്ചൽ: മാലിന്യ പ്ലാന്റിന്റെ മറവിൽ വൻകിട തോട്ടങ്ങൾ ഭൂപരിഷ്കരണ നിയമത്തിന് വിരുദ്ധമായി വിൽപ്പന നടത്താനുള്ള നീക്കങ്ങൾ ഉപേക്ഷിക്കണമെന്ന് കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഏരൂർ, ചണ്ണപ്പേട്ട മേഖലയിൽ നൂറ് ഏക്കർ വരെയുള്ള തോട്ടങ്ങളാണ് ഏറ്റെടുക്കുവാൻ വേണ്ടി ഇടനിലക്കാർ വഴി നീക്കങ്ങൾ നടക്കുന്നത്. ഭൂപരിഷ്കരണ നിയമപ്രകാരം 15 ഏക്കറിന് മുകളിൽ ഭൂമിയുള്ളവർ തോട്ടങ്ങളായി കൈവശം വച്ചിരിക്കുന്നത് തോട്ടം അല്ലാതായൽ 15 ഏക്കർ ഒഴികെയുള്ള സ്ഥലം മിച്ചഭൂമിയായി സർക്കാർ ഏറ്റെടുക്കും. റബറിന് വിലയിടിഞ്ഞ സാഹചര്യത്തിൽ തോട്ടങ്ങൾ പലതും നഷ്ടത്തിലാണ് ഈ സന്ദർഭം ഉപയോഗിച്ച് മറിച്ച് വിൽക്കാൻ കാത്തിരിക്കുന്ന ചിലരാണ് സർക്കാർ പദ്ധതിയുടെ പേര് പറഞ്ഞ് വസ്തുക്കച്ചവടത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ജനവാസ കേന്ദ്രത്തിൽ നിരവധി തൊഴിലാളികൾക്ക് ജോലി ലഭിക്കുന്ന തോട്ടങ്ങളിൽ മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ ശ്രമിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഭൂപരിഷ്കരണ നിയമം ലംഘിച്ചാൽ ഭൂമിയും ഭൂരഹിതർക്ക് പ്രവേശിക്കേണ്ട സ്ഥിതിയുണ്ടാകുമെന്നും പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ്. ജയമോഹൻ പറഞ്ഞു.